വിഷുദിനത്തിൽ വി.വി.രാജേഷിന്റെ വീട്ടിൽ വൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പ്രകാശ് ജാവഡേക്കര്‍; ആശങ്കയോടെ സി.പി.എം

തിരുവനന്തപുരം: ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിന്റെ വസതിയില്‍ വിഷുദിനത്തിൽ ഒത്തുകൂടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങൾക്കൊപ്പമായിരുന്നു ജാവഡേക്കറും വസതിയിൽ എത്തിയത്. സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാദര്‍ വർക്കി ആറ്റുപുറം, ഫാദര്‍ ജോസഫ് വെൺമാനത്ത് എന്നിവർക്കൊപ്പം അദ്ദേഹം പ്രഭാത ഭക്ഷണം കഴിച്ചു.

കേരളത്തിൽ വേരുറപ്പിക്കുന്നതിനായുള്ള തന്ത്രങ്ങൾ ബി.ജെ.പി മെനയുന്നുവെന്ന ആരോപണമുയരുന്നതിനിടെയാണ് ഈ സന്ദർശനം. എന്നാൽ, സ്നേഹസംഗമങ്ങളുടെ ഉദ്ദേശ്യം വോട്ടുബാങ്ക് രാഷ്ട്രീയമല്ലെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തുന്ന സ്നേഹസംഗമത്തിന്റെ തുടര്‍ച്ചയാണിത്. മുസ്‌ലീംകളുടെ വീടുകളും സന്ദര്‍ശിക്കുമെന്ന് ജാവഡേക്കര്‍ അറിയിച്ചു. ബി.ജെ.പിയുടെ ഈ നീക്കങ്ങളെ ഏറെ ആശങ്കയോടെയാണ് എൽഡിഎഫും യുഡിഎഫും കാണുന്നത്.

‘ഇന്ന് രാജേഷിന്റെ വീട്ടിൽ പ്രഭാതഭക്ഷണത്തിന് ഫാ. ആറ്റുപുറം, ഫാ.ജോസഫ് എന്നിവർ എത്തിയിരുന്നു. ഞങ്ങൾ ക്രിസ്തുമസും ആഘോഷിക്കാറുണ്ട്. ഈസ്റ്റർ ആശംസകൾ നേരുന്നതിനും ഞങ്ങൾ ഒട്ടേറെ വീടുകളിൽ പോയിരുന്നു. ഇന്ന് ഞങ്ങളുടെ കാര്യകർത്താക്കളുടെ വീടുകളിലേക്ക് ക്രിസ്ത്യൻ, മുസ്‍ലിം സുഹൃത്തുക്കളെയും അയൽവാസികളെയും ക്ഷണിച്ചിട്ടുണ്ട്. ഇതാണ് യഥാർഥ ഇന്ത്യ. ഇതാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. ഇതാണ് ബിജെപിയുടെ നിലപാട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ ഇന്ത്യ കൂടുതൽ കരുത്തോടെ ഉയർന്നു വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്തുടനീളം സ്നേഹ യാത്ര, സ്നേഹസംവാദം തുടങ്ങിയവയ്ക്ക് തുടക്കമിട്ടത് അദ്ദേഹമാണ്. നമ്മൾ ഒരു രാജ്യമാണ്. ഒരു ജനതയാണ്. ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിന് അദ്ദേഹം അമൃത്‌കാൽ എന്ന ലക്ഷ്യം മുന്നോട്ടുവച്ചിട്ടുണ്ട്. നമുക്കായി സമാധാനവും സമൃദ്ധിയും കൊണ്ടുവന്നത് അദ്ദേഹമാണ്’, ജാവഡേക്കർ പറഞ്ഞു.