കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടമെന്ന് ചിത്രീകരിക്കാൻ ശ്രമം, ദൃക്സാക്ഷികള്‍ മൊഴികളില്‍ ഉറച്ച് നിന്നതോടെ അത് പാളി
ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച കാറിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. കാറിന്റെ പിന്നില്‍ ബൈക്ക് ഇടിച്ച് വന്ന അപകടമരണം എന്ന് ചിത്രീകരിക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ ദൃക്സാക്ഷികള്‍ മൊഴികളില്‍ ഉറച്ച് നിന്നതോടെയാണ് ഈ ശ്രമം പാളിപ്പോയത്.
മാധ്യമ പ്രവര്ത്തകന് ബഷീറിന്റെ ജീവന് ഹോമിച്ച കാര്‍ അപകടത്തില്‍ നിന്നു ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ നടത്തിയ അതേ ശ്രമമാണ് ജോസ് കെ മാണിയുടെ മകനെ രക്ഷിക്കാന്‍ മണിമലയിലും നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിമല കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. സ്ഥലം എംഎല്‍എ എന്‍.ജയരാജാണ്. ചീഫ് വിപ്പും കൂടിയാണ് ജയരാജ്. തൊട്ടടുത്തുള്ള വാര്‍ഡ് കൌണ്‍സിലര്‍മാര്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും.
അതേസമയം, യോഹന്നാന്റെ വീട് കണ്ണീര്‍ക്കയത്തിലാണ്. മക്കള്‍ മരിച്ചതോടെ യോഹന്നാന്റെ ഭാര്യ സിസമ്മയും മൂന്നു മാസം ഗര്‍ഭിണിയായ മരുമകള്‍ അന്‍സുവും മാത്രമാണ് ഇവരുടെ വീട്ടിലുള്ളത്. രണ്ടു ആണ്മക്കള് നഷ്ടമായതിനൊപ്പം മകന്റെ ഭാര്യയുടെ ദുഃഖവും ഇവരെ വേട്ടയാടുകയാണ്. നാല് വര്‍ഷം കാത്തിരുന്നാണ് ഈ വീട്ടിലേക്ക് ഒരു കുഞ്ഞിക്കാല് വരുന്ന വാര്‍ത്ത ഇവര്‍ അറിയുന്നത്. അതിന്റെ ആഘോഷത്തിലായിരുന്നു കുടുംബം.
മകന്റെ ഭാര്യ മൂന്നു മാസം ഗര്‍ഭിണിയായിരിക്കെയാണ് രണ്ടു മക്കളുടെയും വിയോഗവും ഒപ്പം വരുന്നത്. അതുകൊണ്ട് തന്നെ മകളെ ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവരെന്ന് നാട്ടുകാര്‍ പറയുന്നു. ജോസ് കെ മാണിയുടെ മകളുടെ വീട് മരിച്ച യുവാക്കളുടെ വീടിനു തൊട്ടടുത്താണ്.
ഇവരുടെ വീട്ടില്‍ വന്നു മടങ്ങുമ്പോഴാണ് അപകടം നടന്നത്. എന്നിട്ടും എന്തുകൊണ്ടാണ് മരിച്ച യുവാക്കളുടെ വീട്ടിലേക്ക് ജോസ് കെ മാണി എത്താത്തത് എന്ന ചോദ്യം നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ജോസ് കെ മാണി വീട് സന്ദർശിക്കുകയും ചെയ്തു. കുടുംബത്തെ ആശ്വസിപ്പിച്ച് കുറച്ച് നേരം ചെലവഴിച്ചാണ് ജോസ് കെ മാണി വീട്ടിൽ നിന്ന് മടങ്ങിയത്.