തിരുവനന്തപുരം:അരിക്കൊമ്പനെ മാറ്റാൻ ഹൈക്കോടതി സർക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരിക്കൊമ്പന്റെ പുനരധിവാസം വിധിനടപ്പാക്കുക ഏറെ പ്രയാസകരമാണെന്നും മന്ത്രി വ്യക്തമാക്കി.
‘പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിധി നടപ്പാക്കാൻ ശ്രമിച്ചു. കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ജനങ്ങളെ പ്രകോപിതരാക്കിയും പ്രയാസപ്പെടുത്തി മുന്നോട്ട് പോവുക സാധ്യമല്ലാതെയായി. മറ്റേതെങ്കിലും സ്ഥലം കണ്ടെത്തണം. ആ സ്ഥലം സർക്കാർ കണ്ടെത്തണം എന്ന് പറഞ്ഞതിനാൽ ഇന്നലെ വരെ അന്വേഷിച്ചു.
പക്ഷെ ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ല. ഈ വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ച് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി വിധിയിൽ സാവകാശം ചോദിക്കും’ – മന്ത്രി പറഞ്ഞു.