എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിശ്വാസം നഷ്ടമാകുന്നു. അന്വേഷണ പുരോഗതിയില്ലാത്തതാണ് കേസില്‍ തിരിച്ചടിയാകുന്നത്. സമാന്തര അന്വേഷണമാണ് എന്‍ഐഎയും റോ അടക്കമുള്ള കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും നടത്തുന്നത്.
ഏപ്രില്‍ രണ്ടിന് തീവയ്പ്പ് കേസ് നടന്ന ശേഷം പത്ത് ദിവസം കഴിഞ്ഞിട്ടും കാര്യമായ ഒരു പുരോഗതിയും വന്നിട്ടില്ല. ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്ക്വാഡുകൾ കേരളത്തിലെത്തിയിട്ടുണ്ട്. തീവ്രവാദബന്ധത്തെക്കുറിച്ച് സൂചനകള്‍ ഉള്ളതിനാലാണ് ഇവര്‍ കേരളത്തിലെത്തിയത്. എന്നാല്‍ കേരള പോലീസ് ഇതേവരെ യുഎപിഎ ചുമത്തിയിട്ടില്ല. ഷാരൂഖ് സെയ്ഫിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും പ്രതിയ്ക്ക് തീവ്രവാദ ബന്ധം ഉണ്ടായേക്കും ഇന്നുള്ള രേഖപ്പെടുത്തല്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇതെല്ലാം തീവയ്പ്പ് കേസിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ഞെട്ടിച്ച ട്രെയിന്‍ തീവയ്പ് കേസാണിത്. അന്വേഷണം നടത്തുന്നത് എഡിജിപിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമും. പല കാരണങ്ങള്‍ക്കൊണ്ടും അന്വേഷണം മുന്നോട്ടു നീങ്ങാത്ത അവസ്ഥയിലാണ്. എന്നാല്‍ യുഎപിഎ ചുമത്താത്തത് കാരണം എന്‍ഐഎയ്ക്ക് നേരിട്ട് ഇടപെടാനും കഴിയുന്നില്ല. ഫലത്തില്‍ തീവയ്പ് കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ട്രെയിന്‍ ആക്രമണക്കേസില്‍ ഗോള്‍ഡന്‍ അവര്‍ കേരള പോലീസ് നഷ്ടമാക്കിയതായാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം.
തീവ്രവാദം സംശയിക്കാവുന്ന കേസില്‍ പെട്ടെന്ന് തീവ്രവാദ ലിങ്കുകളിലേക്ക് അന്വേഷണം നീങ്ങണമായിരുന്നു. ഇതില്‍ സ്പെഷ്യല്‍ അന്വേഷണസംഘത്തിനു പാളിച്ച പറ്റി. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ ആക്രമണ ലിങ്കുകളിലേക്കാണ് നീങ്ങിയത്. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകള്‍ തേടിയാണു കേന്ദ്ര ഏജൻസികളുടെ അന്വേഷണം. എൻഐഎ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു. കേന്ദ്ര ഏജന്‍സികള്‍ കേസില്‍ ശക്തമായ ഇടപെടലാണ് ആദ്യം മുതല്‍ നടത്തിയത്. സെയ്ഫിയുടെ ഫോണ്‍ നിരീക്ഷണത്തില്‍ വെച്ച കേന്ദ്ര ഇന്റലിജന്‍സ് വിവരം മഹാരാഷ്ട്ര എടിഎസിന് കൈമാറിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ട്രെയിന്‍ തീവെയ്പ് കേസില്‍ ആക്രമണം നടന്ന ഉടന്‍ സ്ഥിതിഗതി വിലയിരുത്തുകയും കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറുകയും വേണമായിരുന്നു. തീവ്രവാദ ബന്ധമുള്ള കേസില്‍ ഓരോ മണിക്കൂറിലും തെളിവുകള്‍ നഷ്ടമാവുകയാണ് എന്നാണ് ഏജന്‍സികള്‍ ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോള്‍ ആക്രമണം കഴിഞ്ഞു പത്ത് ദിവസം പിന്നിട്ടിരിക്കുന്നു. അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഇന്നാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് തന്നെ നീങ്ങുന്നത്. തെളിവെടുപ്പ് വൈകിക്കാന്‍ കാരണം ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തതാണ്.
ഷാരൂഖ് സെയ്ഫി കാര്യങ്ങള്‍ വെളിപ്പെടുത്താത്തത് അന്വേഷണം സങ്കീര്‍ണ്ണവുമാക്കി. ട്രെയിനില്‍ ഈ രീതിയിലുള്ള ആക്രമണങ്ങള്‍ എല്ലാം തന്നെ തീവ്രവാദ ആക്രമണങ്ങളുടെ പട്ടികയിലാണ് സ്ഥാനം പിടിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും കേസില്‍ യുഎപിഎ യും അന്വേഷണത്തില്‍ എന്‍ഐഎയുടെ റോളും വരും. എന്നാല്‍ കേരള പോലീസ് യുഎപിഎ ചുമത്താനോ അന്വേഷണം എന്‍ഐഎയ്ക്ക് വിടാനോ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അന്വേഷണത്തിലാണെങ്കില്‍ പുരോഗതിയും വന്നിട്ടില്ല.