ശശീന്ദ്രനെ കൊലപ്പെടുത്തിയ മകൻ മയൂരനാഥിന് പിഴച്ചത് ഒരു കാര്യത്തിൽ

തൃശൂര്‍: തൃശൂര്‍ അവനൂരിലെ ശശീന്ദ്രന്റെ കൊലപാതകം മകന്‍ മയൂര്‍നാഥ് ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. ഏറെ നാളത്തെ ആലോചനകള്‍ക്കൊടുവിലാണ് അച്ഛനെ മയൂർനാഥ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. പിതാവിനെ കടലക്കറിയില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മകന് പിഴച്ചത് ഒരു കാര്യത്തിലാണ്.

അച്ഛനും രണ്ടാനമ്മയും മറ്റുള്ളവരും ഇഡലിക്കൊപ്പം കഴിച്ച കടലക്കറിയില്‍ ഇയാൾ വിഷം ചേര്‍ക്കുകയായിരുന്നു. ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരാണ് ഭക്ഷണം കഴിച്ച് ആശുപത്രിയിലായത്. അച്ഛനും അമ്മയ്ക്കുമൊപ്പം വീട്ടിലെത്തിയ മറ്റുള്ളവരും കടലക്കറി കഴിച്ചത് യുവാവിന് തിരിച്ചടിയായി.

തെങ്ങുകയറ്റത്തൊഴിലാളികൾ വീട്ടിലെത്തിയപ്പോൾ അവരും ഭക്ഷണം കഴിച്ചതും മയൂരനാഥിന് തിരിച്ചടിയായി. പുറത്തു നിന്നുള്ളവർ ആഹാരം കഴിക്കുമെന്ന് പ്രതി സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല. ശശീന്ദ്രൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യവും ഉയർന്നപ്പോൾ പ്രതി അത് വേണ്ടെന്ന് വാശി പിടിച്ചതും സംശയങ്ങൾക്ക് കാരണമായി. മയൂർനാഥിന് താൻ പിടിക്കപ്പെടുമോയെന്ന ഭയം ഉണ്ടായിരുന്നു.