ആലുവ: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ എസി കംമ്പ്രസർ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ച് അപകടം. ഡ്രൈവറടക്കം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തിനശിച്ചു.
ഇന്നലെ രാവിലെ 11-ഓടെ ദേശീയപാതയിൽ മുട്ടത്ത് നിന്നും ജവഹർ കോളനിയിലേക്ക് പോകുന്ന റോഡിലായിരുന്നു സംഭവം. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ ഏലൂർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ആണ് തീയണച്ചത്.
വാഹനത്തിന്റെ എസി ഓൺ ചെയ്ത ശേഷമാണ് പുക ഉയരാൻ തുടങ്ങിയത്. ഇതോടെ ഡ്രൈവർ വേഗത്തിൽ വാഹനം നിർത്തി കൂടെയുണ്ടായിരുന്നയാളുമായി പുറത്തേക്കിറങ്ങി ഓടിയതിനു തൊട്ടുപിറകെ വലിയ ശബ്ദത്തോടെ എസിയുടെ കംമ്പ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു.
സിറ്റി ഗ്യാസ് ആൻഡ് ഗ്ലയിസിംഗിന്റേതാണ് വാഹനം. ഉടമ മുട്ടം ജവഹർ കോളനിയിൽ അറക്കൽ അബ്ദുൾ ലത്തീഫ് തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളുടെ ജീവനക്കാരൻ പാനായിക്കുളം കോട്ടപ്പള്ളിക്കുന്ന് സ്വദേശി പുരുഷനാണ് കൂടെയുണ്ടായിരുന്നത്.