നടൻ ഇന്നസെന്റിന്റെ മൃതദേഹം രാവിലെ 8 മണി മുതൽ 11 മണി വരെ പൊതുദർശനത്തിനു വയ്ക്കും: സംസ്കാരം തിങ്കളാഴ്ച
മലയാളത്തിന്റെ ചിരി മാഞ്ഞു. കൊച്ചിയിലെ വി പി എസ് ലേക്ഷോര് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന നടൻ ഇന്നസെന്റിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത് മന്ത്രി പി രാജീവാണ്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു
75 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കി. നാളെ രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം നടക്കും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊതുദർശനം നടത്തും. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്താനും തീരുമാനമുണ്ട്.