Dis'Qualified MP…ട്വിറ്റര്‍ ബയോ തിരുത്തി രാഹുല്‍ ഗാന്ധി, ലോക്സഭയുടെ വെബ്സൈറ്റില്‍ നിന്നും പുറത്ത്
ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ടതിന് പിന്നാലെ തന്റെ ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി. ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്ന് പ്രത്യേകം പരാമര്‍ശിച്ചാണ് ബയോ. 2019ലെ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഇന്ന് തന്റെ ട്വിറ്ററില്‍ അയോഗ്യരായ എംപി എന്ന് എഴുതിയിരിക്കുന്നത്. വയനാട് എംപിയായിരുന്ന രാഹുലിന്റെ പേര് ലോക്സഭയുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
രാഹുലിനെതിരായ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യഗ്രഹം നടത്തി പ്രതിഷേധിക്കുകയാണ്. ഡല്‍ഹിയിലെ രാജ്ഘട്ടിനൊപ്പം രാജ്യത്തെ എല്ലാ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഏകദിന സത്യാഗ്രഹം നടത്തുന്നുണ്ട്. ജില്ലാ ആസ്ഥാനങ്ങളിലെ ഗാന്ധി പ്രതിമകള്‍ക്ക് മുന്നില്‍ രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹം വൈകിട്ട് അഞ്ചിന് സമാപിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും ഡല്‍ഹിയിലെ രാജ്ഘട്ടില്‍ സത്യഗ്രഹത്തിന് നേതൃത്വം നൽകി.
2019ലെ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ നടത്തിയ ‘എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്ക്കും മോദി എന്ന കുടുംബപ്പേര്’ എന്ന പരാമര്‍ശത്തിലാണ് അദ്ദേഹത്തിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്.
നേരത്തെ തിങ്കളാഴ്ച മുതൽ വലി പ്രക്ഷോഭം ആരംഭിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഇത് രാജ്യത്തെ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രതിഷേധിക്കാന്‍ പൊതുവേദി നല്‍കും. രാഹുല്‍ ഗാന്ധിയെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതിന് തൊട്ടുപിന്നാലെ, ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനിടെ എഐസിസി മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പ്രതിഷേധം ജന ആന്ദോളനിലേക്ക് (ജനങ്ങളുടെ പ്രതിഷേധം) മുന്നോട്ട് കൊണ്ടുപോകാന്‍ പാര്‍ട്ടി തീരുമാനിച്ചു.