‘പേടിച്ചിട്ടാ നിര്‍ത്താത്തത് സാറേന്ന് പറഞ്ഞതും, ഒരൊറ്റ അടിയാ മുഖത്ത്… അവന്‍ നിന്ന് കിലുകിലാ വിറച്ചുപോയി’: ദൃക്‌സാക്ഷി

തൃപ്പൂണിത്തുറയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ഹില്‍ പാലസ് സ്റ്റേഷനിലെ പോലീസുകാർക്കെതിരെ രൂക്ഷ വിമർശനം. എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. കേസ് അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനാണ് ചുമതല നല്‍കിയിരിക്കുന്നത്. മനോഹരന്റെ മരണത്തില്‍ പൊലീസിനെതിരെ ജനകീയ സമിതി പ്രതിഷധം നടത്തി.

‘പേടിച്ചിട്ടാ നിര്‍ത്താത്തത് സാറേന്ന് പറഞ്ഞതും, ഒരൊറ്റ അടിയാ മുഖത്ത്… അവന്‍ നിന്ന് കിലുകിലാ വിറച്ചുപോയി’ സംഭവത്തിൽ ദൃക്‌സാക്ഷിയായ ഒരു വീട്ടമ്മയുടെ വാക്കുകളാണിത്. രാത്രി വാഹന പരിശോധനയ്ക്കിടെയാണ് ഹില്‍ പാലസ് പൊലീസ് ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ വച്ച് മനോഹരന്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാൽ, അലക്ഷ്യമായി വാഹനമോടിച്ചു എന്ന പേരിൽ മർദ്ധിച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു എന്നത് വിശ്വാസ യോഗ്യമല്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മനോഹരനെ പൊലീസ് മര്‍ദിച്ചു എന്ന് മനോഹരന്റെ സഹോദരന്‍ വിനോദും ആരോപണം ഉന്നയിക്കുന്നുണ്ട്. പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്‌സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി.