റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ്: പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് വനംവകുപ്പ്. ഇതിന് പിന്നാലെ പണിമുടക്ക് പിന്‍വലിക്കാന്‍ റെയിഞ്ച് ഓഫീസര്‍മാരുടെ സംഘടനയില്‍ ആലോചന തുടങ്ങി.

സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വനംവകുപ്പിലെ 18 ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഫോറസ്റ്റ് റെയിഞ്ചേഴ്‌സ് അസോസിയേഷന്‍ വരുന്ന തിങ്കളാഴ്ച സൂചന പണിമുടക്കും ധര്‍ണയും പ്രഖ്യാപിച്ചത്.

പണിമുടക്ക് പിന്‍വലിക്കില്ലെന്നുറപ്പിച്ചതോടെ ശമ്പളം തടയുന്നതും വകുപ്പുതല നടപടികളുമാണ് പരിഗണനയില്‍. ഇതോടെ സമരത്തില്‍ നിന്നും പിന്നോട്ട് പോകാനുള്ള ആലോചനകള്‍ ഫോറസ്റ്റ് റെയിഞ്ചേഴ്‌സ് അസോസിയേഷനുള്ളില്‍ തുടങ്ങി. നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുമെന്ന ഉറപ്പു ലഭിച്ചതുകൊണ്ടാണ് സമരത്തില്‍ നിന്നും പിന്നോട്ട് പോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.