പയ്യന്നൂര്‍: വേനല്‍ചൂടില്‍ നാടെങ്ങും ഓടുന്ന ഫയര്‍ഫോഴ്‌സിന് കൃഷി ചെയ്യാന്‍ സമയമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനും സമയം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് നിലയത്തിലെ ജീവനക്കാര്‍. നാട്ടുകാരില്‍ പലരും തൂമ്പ കൈക്കൊണ്ടു തൊടാതെ തമിഴ്‌നാട്ടില്‍ നിന്നുവരുന്ന പച്ചക്കറികള്‍ വാങ്ങിക്കൂട്ടുമ്പോള്‍ ഫയര്‍സ്‌റ്റേഷന്‍ വളപ്പിലെ പൊന്നു വിളയും മണ്ണില്‍ നൂറുമേനി കൊയ്യുകയാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍. തരിശായിക്കിടന്ന ഭൂമിയില്‍ നൂറുമേനി വിളവെടുത്ത് സമൂഹത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍. നീട്ടിയുള്ള സൈറനും മുഴക്കി അപകട പ്രദേശങ്ങളിലും ദുരന്ത മേഖലകളിലും ചെന്നെത്തി രക്ഷാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മാത്രമല്ല, മണ്‍മറഞ്ഞു പോകുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്തായ പാഠങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുക കൂടി ചെയ്യുകയാണ് പയ്യന്നൂര്‍ ഫയര്‍ ഫോഴ്‌സ്. നിലയ പരിധിയിലെ തരിശായി കിടന്നിരുന്ന ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തി വിളവെടുത്താണ് സേനാംഗങ്ങള്‍ മാതൃകയാകുന്നത്.
രാസ പദാര്‍ത്ഥങ്ങളും, കീടനാശിനികളും തളിച്ച് മനുഷ്യരില്‍ മഹാമാരികളുടെ വിത്ത് പാകുന്ന കാര്‍ഷിക രീതി പിന്‍തുടരുന്നവരില്‍ നിന്നും വത്യസ്തമായി തികച്ചും ജൈവ വളങ്ങള്‍ മാത്രമുപയോഗിച്ചാണ് ഇവിടുത്തെ കൃഷി രീതി. കൃഷിഭവന്‍ നല്‍കിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പാലിച്ച് കൊണ്ട് സ്റ്റേഷന്‍ അധികൃതര്‍ നടത്തുന്ന കൂട്ടായ പരിശ്രമം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ച്ചു കഴിഞ്ഞു.