ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസങ്ങളില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. മാര്‍ച്ച് 29ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ക്ക് ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശഭരണ സ്ഥാപനങ്ങളുടേയും 28ന് ശേഷം ലഭിക്കുന്ന ബില്ലുകള്‍ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകള്‍ മാര്‍ച്ച് 31നകം മാറില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നീക്കം.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച്് 31ന് അര്‍ധരാത്രി വരെ ട്രഷറി പ്രവര്‍ത്തിക്കുമെങ്കിലും ബില്ലുകള്‍ പാസാക്കാനാകില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ബില്ലുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എല്ലാ വകുപ്പുമേധാവികളും ഓഫീസര്‍മാരും മാര്‍ച്ച് 29 അഞ്ചു മണിക്ക് മുമ്പായി ബില്ലുകളും ചെക്കുകളും ട്രഷറിയില്‍ സമര്‍പ്പിക്കണം. ഇതിനുശേഷമുള്ള ഒരു ബില്ലും അംഗീകരിക്കുകയില്ല. ബജറ്റ് വിഹിതം അനുസരിച്ചുള്ള അലോട്ട്‌മെന്റ് ലെറ്ററുകള്‍ മാര്‍ച്ച് 25ന് ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിക്കണം. ഇതില്‍ മാറ്റം വരുത്തിയ നിര്‍ദ്ദേശങ്ങള്‍ ധനകാര്യ വകുപ്പ്് അംഗീകരിക്കില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സ്വയം ഭരണ സ്ഥാപനങ്ങളും 28ന് ശേഷം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ ട്രഷറി ക്യൂവിലേക്ക് മാറ്റും.