വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു, പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി സർക്കാർ
വിദേശ ഉപരിപഠന രംഗത്ത് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ രംഗത്ത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യത്തേക്ക് പോകുന്ന വിദ്യാർത്ഥികളെ വൻ തോതിൽ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം ഉടൻ നടത്തുന്നതാണ്. കൺസൾട്ടൻസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെയും, ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് നിയമ നിർമ്മാണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത് തടയാൻ എല്ലാ ഉന്നത വിദ്യാഭ്യാസ കൺസൾട്ടൻസി ഏജൻസികൾക്കും ലൈസൻസ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. കൂടാതെ, ഇത്തരം ഏജൻസികൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾക്ക് ഏകീകൃത നിരക്കും നിശ്ചയിക്കും. മറ്റു രാജ്യങ്ങളിലെ നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനാൽ, നിലവാരമുള്ള വിദേശ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്ക് മാത്രമേ വിദ്യാർത്ഥികളെ അയക്കാവൂ എന്ന നിബന്ധനയും പ്രാബല്യത്തിലാക്കുന്നതാണ്.