അടുത്ത ‘ഷോക്ക് നൽകി സർക്കാർ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വർധനയ്ക്കും പിന്നാലെ വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും. കഴിഞ്ഞ സാമ്പത്തികവർഷം വൈദ്യുതി ബോർഡിന് 736.27 കോടിരൂപ പ്രവർത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. കെ.എസ്.ഇ.ബി.ക്ക് പ്രവർത്തനലാഭമുണ്ടായത് വലിയ നേട്ടമായാണ് ബോർഡും സർക്കാരും അവതരിപ്പിച്ചിരുന്നതെങ്കിലും ഇതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാത്ത സ്ഥിതിയാണെന്നാണ് ഇപ്പോൾ സർക്കാരിന്റെ നിലപാട്.കഴിഞ്ഞവർഷം ജൂൺ 26-നാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.

വർഷം 1010.94 കോടി രൂപ അധികവരുമാനമുണ്ടാക്കാനായി അന്ന് നിരക്ക് 6.58 ശതമാനംകൂട്ടി. എന്നാൽ, ജൂൺ അവസാനംമാത്രം പ്രാബല്യത്തിൽ വന്നതിനാൽ ഈ വർഷം 760 കോടിരൂപയെ അധികവരുമാനം കിട്ടൂവെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ പെൻഷൻ മാസ്റ്റർ ട്രസ്റ്റ് കെ.എസ്.ഇ.ബി. രൂപവത്കരിച്ചിരുന്നു. ആ ബാധ്യതകൂടി കണക്കിലെടുത്താണ് നിരക്കുവർധനയ്ക്കിടയാക്കുന്ന ഇത്രയും വലിയ സഞ്ചിതനഷ്ടം കെ.എസ്.ഇ.ബി. കാണിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധികാരണം ട്രസ്റ്റിലേക്കുള്ള പണം പലവർഷങ്ങളിലും കെ.എസ്.ഇ.ബി. വകമാറ്റിയിരുന്നു. 2020-’21 വരെ നിരക്കുവർധനയിലൂടെ നികത്താൻ കഴിയാത്ത വരുമാനക്കമ്മി 7124 കോടി രൂപയായിരുന്നു. ഇതിന്റെ നിശ്ചിതശതമാനം വരുംവർഷങ്ങളിൽ നികത്താൻ റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞവർഷംതന്നെ അംഗീകാരം നൽകുകയുണ്ടായി. ഇതും നിരക്കുവർധനയ്ക്ക് കാരണമാകും.
മുൻകാല കമ്മിയിൽ 850 കോടിരൂപയാണ് 2023-’24-ലും 2024-’25-ലും നികത്താൻ കമ്മിഷൻ അംഗീകാരം നൽകിയത്.