കോഴിക്കോട്: കൂടത്തായി കേസിന്റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് കോടതിവളപ്പിൽ പ്രവേശനമുണ്ടായിരിക്കില്ല. കേസിലെ ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി ഉത്തരവ്. മാറാട് അതിവേഗ കോടതിയിലാണ് വിസ്താരം നടക്കുന്നത്. തന്റെ ചിത്രങ്ങളെല്ലാം പകർത്തി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും, അത് തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും കാണിച്ച് ജോളി കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിലാണ് ജോളിക്ക് അനുകൂലമായ വിധി ഉണ്ടായിരിക്കുന്നത്.
മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്. ഇതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായി കേസിന്റെ വിചാരണാ വേളയിൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കേസിന്റെ വിചാരണ ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്. കേസിൽ സാക്ഷി വിസ്താരം തുടങ്ങി. നിലവിൽ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടർച്ചയായി സാക്ഷി വിസ്താരം നടക്കും.