കോർപ്പറേഷനിലെ അടുത്ത ബജറ്റ് ഹരിത ബജറ്റെന്ന് മേയര്‍

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കോര്‍പ്പറേഷന്‍ തയ്യാറാക്കുന്നത് ഹരിത ബജറ്റെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ബജറ്റിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ വൈദ്യുത വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ഉറവിടമാലിന്യ സംസ്‌കരണമാണ് കോര്‍പറേഷന്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്നതെന്നും ആര്യാ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഉറവിട മാലിന്യ സംസ്‌കരണം നടപ്പാക്കുന്നവര്‍ക്ക് 10 ശതമാനം കെട്ടിട നികുതി ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനാക്കുമെന്നും മേയര്‍ പറഞ്ഞു. ഇതിനായി പുതിയ സോഫ്റ്റ് വെയറും തയ്യാറാക്കും. എന്‍ജിനിയറിങ് വിഭാഗത്തിലെ 75 ശതമാനം ഇ-ഫയലിങ് പ്രക്രിയ പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നും ആര്യ പറഞ്ഞു.

ബജറ്റിനെക്കുറിച്ചുള്ള മാധ്യമ ശില്‍പ ശാലയില്‍ സംസാരിക്കുകയായിരുന്നു മേയര്‍. ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സ്ഥിരം സമിതി അധ്യക്ഷരായ എസ് സലീം, ആതിര എല്‍ എസ്, ജിഷാ ജോണ്‍, മേടയില്‍ വിക്രമന്‍, ജമീല ശ്രീധര്‍ എന്നിവര്‍ പങ്കെടുത്തു.