കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇന്ന് മുതൽ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത എയർഹോണും ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. ഫ്ലാഷ് ലൈറ്റും നിരോധിത എയർഹോണും ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു. ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന കാര്യം വ്യക്തമാണെന്നും കോടതി പറഞ്ഞു.
കോട്ടയം: വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകൾ ഇല്ലെന്ന് കോട്ടയം RTO അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകൾ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകൾ. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതിനാണ്. ഒരു കേസിൽ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റിൽപെടുത്തിയത്.
വാഹനത്തിന് 2023 സെപ്റ്റംബർ 18 വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ആർടിഒ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളർ ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദിധമായി എയർ ഹോൺ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതിനെക്കുറിച്ച് . കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു ഓടിയിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും. അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും.