ഇനി ട്വീറ്റും, റീ ട്വീറ്റും ഇല്ല! എക്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മസ്ക്


ട്വിറ്ററിന്റെ പേര് റീ ബ്രാൻഡ് ചെയ്ത് എക്സ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങളുമായി മസ്ക് വീണ്ടും രംഗത്ത്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാ പതിപ്പിൽ ഉപഭോക്താക്കൾ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുടെ പേരുകളാണ് ഇത്തവണ മസ്ക് മാറ്റിയിരിക്കുന്നത്. ട്വിറ്ററുമായി ബന്ധപ്പെട്ട പേരുകൾ മുഴുവനും തുടച്ചുനീക്കാനാണ് മസ്കിന്റെ തീരുമാനം.

മുൻപ് ട്വീറ്റ്, റീ ട്വീറ്റ് എന്നിവ വാക്കുകൾ ട്വിറ്ററിൽ ഉപയോഗിക്കാറുണ്ട്. ഇനി മുതൽ അവ എക്സില്‍ ഉപയോഗിക്കരുതെന്ന് മസ്ക് നിർദ്ദേശം നൽകി. പകരം, അവ പോസ്റ്റുകൾ എന്ന പേരിലാണ് അറിയപ്പെടുക. റീ ട്വീറ്റുകൾ റീ പോസ്റ്റുകളായി മാറും. ഇതിന്റെ ഭാഗമായി ‘ട്വീറ്റ് ബട്ടൺ’ നീക്കം ചെയ്ത്, ‘പോസ്റ്റ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിന്റെ റീ ബ്രാൻഡിംഗുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പേര് റീ ബ്രാൻഡ് ചെയ്തതോടെ ഏകദേശം 54.15 കോടിയിലേറെ ഉപഭോക്താക്കളെ എക്സിന് നേടാൻ സാധിച്ചിട്ടുണ്ടെന്ന് മസ്ക് വ്യക്തമാക്കി. അതേസമയം, പുതിയ പേരും ലോഗോയും വിവിധ തരത്തിലുള്ള വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.