ഉയര്‍ന്ന EPF പെന്‍ഷന്‍: സമയപരിധി ജൂണ്‍ 26 വരെ നീട്ടി

റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. ഈ വര്‍ഷം ജൂണ്‍ 26 വരെയാണ് സമയം നീട്ടി നല്‍കിയത്. ഇതിനായി ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍  മെയ് 3 വരെ മാത്രമേ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാകൂ. ഇതുവരെ 12 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചു. ഇതിനിടെ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയായിരുന്നു.

‘2022 നവംബര്‍ 4 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പെന്‍ഷന്‍കാര്‍/അംഗങ്ങളില്‍ നിന്ന് ഓപ്ഷന്‍/ജോയിന്റ് ഓപ്ഷന്‍ സാധൂകരിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിക്കുന്നതിന് EPFO (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) ക്രമീകരണം ചെയ്തിട്ടുണ്ട്,’ തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും യോഗ്യരായ എല്ലാ വ്യക്തികള്‍ക്കും അവരുടെ അപേക്ഷകള്‍ ഫയല്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനുമാണ് അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഇപ്പോള്‍ ജൂണ്‍ 26 വരെയാക്കിയത്. പെന്‍ഷന്‍കാര്‍/അംഗങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിന് അവര്‍ക്ക് സൗകര്യമൊരുക്കുന്നതിനും ധാരാളം അവസരങ്ങള്‍ നല്‍കുന്നതിനും തീരുമാനം സഹായകരമാണ്. ജീവനക്കാരില്‍ നിന്നും തൊഴിലുടമകളില്‍ നിന്നും അവരുടെ അസോസിയേഷനുകളില്‍ നിന്നും ലഭിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച ശേഷമാണ് തീരുമാനം.