ദി കേരള സ്റ്റോറി നമ്മുടെ കേരള കഥയല്ല

‘ദി കേരള സ്റ്റോറി’ സിനിമയുടെ നിർമ്മാതാക്കളെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ ശശി തരൂർ. കോടതികളും അന്വേഷണ ഏജൻസികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദ് (love jihad) എന്ന ആശയം ഉയർത്തിക്കൊണ്ടുള്ള തീവ്രവാദമാണ് സിനിമ കേരള സ്റ്റോറി എന്ന് ശശി തരൂർ ആരോപിച്ചു. തന്റെ ഔദ്യോഗിക ട്വീറ്റർ ഹാന്ഡിലിലൂടെയാണ് എം പി യുടെ വിമർശനം. ചിത്രത്തിന്റെ പോസ്റ്റർ ട്വിറ്ററിൽ പങ്കുവെച്ച തരൂർ , “ഇത് നിങ്ങളുടെ കേരള കഥയായിരിക്കാം, ഇത് ഞങ്ങളുടെ കേരള കഥയല്ല” എന്ന് കുറിച്ചു.

സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാവുകയും പിന്നീട് ഭീകരസംഘടനയായ ഐഎസിൽ ചേരുകയും ചെയ്‌തുവെന്ന് അവകാശപ്പെട്ട് റിലീസിനൊരുങ്ങുന്ന കേരള സ്റ്റോറിയുടെ ട്രെയിലർ വിവാദമായിരുന്നു . സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം, ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് കാണാതായതായി ആരോപിക്കപ്പെടുന്ന “ഏകദേശം 32,000 സ്ത്രീകളുടെ” പിന്നിലെ സംഭവങ്ങളെ “കണ്ടെത്തുക” എന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അവർ മതംമാറി, തീവ്രവാദികളായി, ഇന്ത്യയിലും ലോകത്തും തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിക്കപ്പെട്ടുവെന്നും സിനിമ അവകാശപ്പെടുന്നു.

സിനിമക്കെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഇതിനിടെ രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം സമൂഹത്തിൽ വിഷം ചീറ്റാനുള്ള ലൈസൻസല്ലെന്നും സിനിമയിലൂടെ സംസ്ഥാനത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണെന്നും വിമർശനങ്ങൾ ഉയർന്നു. തെറ്റായ അവകാശവാദങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് വിവാദമായ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.