അരിക്കൊമ്പനൊപ്പം രണ്ട് ആനകൾ കൂടി, വളഞ്ഞ് ദൗത്യ സംഘം

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. സിമന്റ് പാലത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊമ്പന്റെ അടുത്തേക്ക് കുങ്കിയാനകളുമായി ദൗത്യസംഘം നീങ്ങുകയാണ്. മറ്റ് രണ്ട് ആനകൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന അരിക്കൊമ്പനെ ദൗത്യസംഘം വളഞ്ഞിരിക്കുകയാണ്. ആനകളെ കൂട്ടം തെറ്റിക്കാൻ പടക്കം പൊട്ടിച്ചു. നിലവിൽ ആനയെ പ്ലാന്റേഷന് പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ ദൗത്യമേഖലയിലെത്തി. സാഹചര്യം കൂടി പരിഗണിച്ച് മടക്കുവെടി വെയ്ക്കാനാണ് നീക്കം. കാലാവസ്ഥ അനുകൂലമാണെന്ന് ദൗത്യസംഘം വ്യക്തമാക്കി. ദൗത്യത്തോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പൊലീസിനെ വിന്യസിച്ചു. പലയിടത്തും നിരോധനാജ്ഞ നിലവിലുണ്ട്. സിമന്റ് പാലത്തിലേക്കുള്ള റോഡ് അടച്ചു.

എന്നാൽ അരിക്കൊമ്പനെ എവിടേക്ക് മാറ്റും എന്നതുള്‍പ്പെടെയുളള വിവരങ്ങള്‍ വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കൊമ്പനെ എത്തിക്കാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായാണ് വിവരം.

നേരത്തെ അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ നേരത്തെ തന്നെ അസമില്‍ നിന്ന് എത്തിയിരുന്നു. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന എന്‍ജിഒയുടെ കൈവശമുള്ള കോളറാണ് എത്തിയത്.