സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം വർദ്ധിച്ചതോടെ പാൽ സംഭരണം കുറയുന്നു. പ്രതിദിനം 3 ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, പാൽ സംഭരണത്തിൽ അഞ്ച് ശതമാനത്തിന്റെ ഇടിവാണ് വന്നിരിക്കുന്നത്. താപനില ഉയർന്നതോടെ പശുക്കൾക്ക് ചർമ്മ മുഴ വന്നതും തിരിച്ചടിയായിട്ടുണ്ട്. കണക്കുകൾ പ്രകാരം, കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ 590 പശുക്കളാണ് ചർമ്മ മുഴ വന്നതിനെ തുടർന്ന് ചത്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയിട്ടുളളത്. അതേസമയം, കൃത്യമായ അളവിൽ മഴ ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വേനൽ മഴയിൽ 38 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. മഴ കുറഞ്ഞതും കാറ്റിന്റെ ഗതിയിൽ ഉണ്ടായ മാറ്റവും താപനില വർദ്ധിക്കാൻ കാരണമായി. കൂടാതെ, ഉത്തരേന്ത്യയിൽ നിന്നുള്ള ചൂട് കാറ്റും സംസ്ഥാനത്തെ കാലാവസ്ഥയെ ബാധിച്ചിട്ടുണ്ട്.