ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലേക്ക് എത്തിയ വന്ദേ ഭാരത് എക്‌സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ട്രെയിൻ യാത്ര പുറപ്പെട്ടത്. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉച്ചയ്ക്ക് 12.10 നാണ് കണ്ണൂരിൽ എത്തേണ്ട സമയം. അതേസമയം, ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്‌റ്റോപ്പുകള്‍, യാത്രാ നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും. ഈ മാസം 25നാണ് പ്രധാനമന്ത്രി ഔദ്യോഗികമായി കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
ദുബായ് തീപിടിത്തം; നോവായി മലയാളി ദമ്പതികള്‍ റിജേഷും ജെഷിയും
ദുബായിലെ താമസ സ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ മലയാളി ദമ്പതികള്‍ മരണപ്പെട്ടു. വേങ്ങര ചേറൂര്‍ ചണ്ണയില്‍ സ്വദേശി റിജേഷ് ഭാര്യ ജിഷി എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇരുവരെയും മരണം കവര്‍ന്നത്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവര്‍ നാട്ടില്‍ പോയി വന്നിരുന്നു. 11 വര്‍ഷം മുന്‍പാണ് റിജേഷും ജിഷിയും വിവാഹിതരായത്. കുട്ടികളില്ല.
ട്രാവല്‍സ് ജീവനക്കാരനായ റിജേഷും സ്‌കൂള്‍ അധ്യാപികയായ ജിഷിയും തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കുന്നതിനിടെയാണ് ഈ ദുരന്തം. പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറുക എന്ന വലിയ സ്വപ്നം ബാക്കി വെച്ചാണ് ഇവര്‍ യാത്രയാകുന്നത് എന്നത് ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരപ്പെടുത്തുന്നു. ദുബായില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ പതിനാറ് പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകളുളളത്.