ഒരു ട്രെയിന്‍ വന്നെന്ന് കരുതി അതില്‍ എന്താണിത്ര അഭിമാനിക്കാനുള്ളത് : എകെ ബാലന്‍

കണ്ണൂർ: സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ ഇത്ര അഭിമാനിക്കാനെന്ത് ഇരിക്കുന്നുവെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍. കേരളത്തോട് റെയില്‍വേ കാണിച്ചിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോയെന്നും എകെ ബാലന്‍ ചോദിച്ചു. എത്ര മാലകള്‍ ചാര്‍ത്തിയാലും പുഷ്പവൃഷ്ടി നടത്തിയാലും ആ വഞ്ചനക്ക് ഇതുകൊണ്ട് പരിഹാരമാവില്ല. യഥാര്‍ത്ഥത്തില്‍ കെ.റെയില്‍ പൊളിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും എ.കെ ബാലന്‍ ആരോപിച്ചു.

‘കെ.റെയിലില്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ മൂന്നു മണിക്കൂര്‍ മതി. ടിക്കറ്റ് ചാര്‍ജ് 1325 രൂപ മാത്രം. വന്ദേഭാരത് തിരുവനന്തപുരത്തു നിന്ന് കണ്ണൂരെത്താന്‍ എട്ടു മണിക്കൂറാണ് എടുക്കുന്നത്. ടിക്കറ്റ് ചാര്‍ജ് 2238 രൂപ. തിരുവനന്തപുരം-കണ്ണൂര്‍ വിമാനക്കൂലി 2897 രൂപയാണ്. കേവലം ഒരു മണിക്കൂര്‍ കൊണ്ട് എത്തും. ജനശതാബ്ദിയും രാജധാനിയും ഏകദേശം വന്ദേഭാരതിന്റെ റണ്ണിങ് ടൈമില്‍ തന്നെ തിരുവനന്തപുരം – കണ്ണൂര്‍ യാത്ര പൂർത്തിയാക്കും.

അഭിമാനിക്കാന്‍ എന്തിരിക്കുന്നു? പുതിയ ട്രെയിന്‍ വന്നിരിക്കുന്നു. ബി.ജെ.പിക്കാര്‍ ആഹ്ലാദത്തോടെ കൂടി സ്വീകരിക്കുന്നു. ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യം. എന്നാല്‍ ഇതില്‍ എന്താണ് അഭിമാനിക്കാനുള്ളത്? കേരളത്തോട് റെയില്‍വേ കാട്ടിയിട്ടുള്ള അവഹേളനത്തിനും അപമാനത്തിനും ഇതൊരു പരിഹാരമാണോ? റെയില്‍വേയുടെ കാര്യത്തില്‍ കേരളത്തോടുള്ള അവഗണനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ സമീപനം തന്നെയാണ് കാട്ടിയത്’, അദ്ദേഹം പറഞ്ഞു.