കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. ന്യൂഡല്‍ഹിയിലെ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതിപക്ഷ ഐക്യത്തിനായി തങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനും ഭരണഘടന സുരക്ഷിതമായി നിലനിര്‍ത്തുന്നതിനും, സംസാര സ്വാതന്ത്ര്യത്തിനും, യുവാക്കളുടെ തൊഴിലിനും, വിലക്കയറ്റം, സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ ഒറ്റക്കെട്ടായി പോരാടാന്‍ തയ്യാറാണ്. ഇക്കാര്യത്തിനായി എല്ലാവരോടും വെവ്വേറെ സംസാരിക്കും. പവാര്‍ സാഹബും ഇത് തന്നെയാണ് പറയുന്നത്,’ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശരദ് പവാര്‍ മുംബൈയില്‍ നിന്ന് നേരിട്ട് വന്ന് ഞങ്ങളുമായി ചര്‍ച്ച നടത്തിയതില്‍ സന്തോഷമുണ്ടെന്നും പ്രതിപക്ഷ ഐക്യത്തിനായി താനും രാഹുല്‍ ഗാന്ധിയും നിതീഷ് കുമാറും തേജസ്വിയാദവുമായി കൂടിക്കാഴ്ച നടത്തിയെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ചര്‍ച്ചകള്‍ക്കിടെയാണ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാനെത്തിയത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു പവാറിന്റെ കൂടിക്കാഴ്ച.
അടുത്തിടെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, വ്യവസായി ഗൗതം അദാനിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതുപോലെ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് പകരം അദാനി വിഷയത്തില്‍ സുപ്രീം കോടതി അന്വേഷണത്തെയാണ് അദ്ദേഹം അനുകൂലിച്ചത്. അതേസമയം കോണ്‍ഗ്രസ്, ഉടന്‍ പ്രതിപക്ഷ നേതാക്കളുടെ ഒരു യോഗം ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു