സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയരുന്നു. മുൻ വർഷങ്ങളിൽ ഉച്ചസമയത്ത് മാത്രമായിരുന്നു കനത്ത ചൂട് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ രാവിലെ 9 മണി മുതൽ തന്നെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പാലക്കാട് ജില്ലയിൽ ഇന്ന് 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. അതേസമയം, മുണ്ടൂർ ഐആർടിസിയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
2022-ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസായിരുന്നു. മാർച്ച് 12 ആയിരുന്നു 42 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടത്. തുടർച്ചയായി താപനില ഉയരുന്നതിനാൽ നേരിയ തോതിൽ വരൾച്ച അനുഭവപ്പെടുന്നുണ്ട്. പുഴ, കുളം, കിണർ തുടങ്ങിയ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ചൂട് കൂടുന്നതിനനുസരിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.