റാബ്‌റി ദേവി സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പങ്കെടുത്ത് നിതീഷ് കുമാർ

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാഗത്ബന്ധനിലെ മറ്റ് നേതാക്കൾക്കൊപ്പം മുൻ മുഖ്യമന്ത്രിയും, ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവിയുടെ വസതിയിൽ നടന്ന ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രിയും റാബ്‌റി ദേവിയുടെ മകനുമായ തേജസ്വി യാദവ് ഇഫ്‌താർ വിരുന്നിൽ പങ്കെടുത്ത എല്ലാ അതിഥികളെയും നേരിട്ട് കണ്ട് സ്വീകരിച്ചു.

നിതീഷ് കുമാറിനെ കൂടാതെ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, ജൻ ​​അധികാർ പാർട്ടി നേതാവ് പപ്പു യാദവ്, ജനതാദൾ യുണൈറ്റഡ് ദേശീയ അധ്യക്ഷൻ ലാലൻ സിംഗ് എന്നിവരാണ് വിരുന്നിൽ പങ്കെടുത്തത്. വെള്ളിയാഴ്‌ച നിതീഷ് കുമാർ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്നിൽ പങ്കെടുക്കാതിരുന്ന ലോക് ജനശക്തി പാർട്ടി (ആർ) തലവൻ ചിരാഗ് പാസ്വാൻ, റാബ്‌റി ദേവിയുടെ ഇഫ്‌താർ വിരുന്നിൽ പങ്കെടുക്കുകയും നിതീഷ് കുമാറിന്റെ പാദങ്ങളിൽ തൊട്ടു വന്ദിക്കുകയും ചെയ്‌തു.

രാമനവമിക്ക് ശേഷം സസാരാമിലും ബിഹാർഷരീഫിലും നടന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം വോട്ട് ബാങ്ക് ആകർഷിക്കുന്നതിനായി മഹാഗത്ബന്ധൻ നേതാക്കൾ ഇഫ്‌താർ പാർട്ടികളിൽ സജീവമാകുകയാണ്.

വർഗീയ സംഘർഷത്തിന് ശേഷമുള്ള ആദ്യ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത് ജനതാദൾ യുണൈറ്റഡ് എംഎൽസി ഖാലിദ് അൻവർ ആയിരുന്നു, അതിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നു. ബീഹാർ മുഖ്യമന്ത്രി ഇരിക്കുന്ന വേദിയിൽ ഉപയോഗിച്ച ചെങ്കോട്ടയുടെ പശ്ചാത്തലം കാരണം ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു.

അതിനുശേഷം, വെള്ളിയാഴ്‌ച നിതീഷ് കുമാർ തന്നെ തന്റെ ആൻ മാർഗിലെ വസതിയിൽ (മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി) ഒരു വമ്പൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു, അതിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഈ ഇഫ്‌താർ വിരുന്നിൽ തേജസ്വി യാദവും മഹാഗത്ബന്ധനിലെ മറ്റ് നേതാക്കളും പങ്കെടുത്തിരുന്നുവെങ്കിലും ബിജെപി ബഹിഷ്‌കരിച്ചിരുന്നു.

ശനിയാഴ്‌ച, ജനതാദൾ യുണൈറ്റഡിന്റെ ന്യൂനപക്ഷ സെൽ ഹജ് ഭവനിൽ മറ്റൊരു ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു, അതിൽ നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി തേജസ്വി യാദവും പങ്കെടുത്തിരുന്നു