സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ 20 വരെ ചൂട് രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടിയേക്കും. ഏപ്രിൽ 20- ന് ശേഷം വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. അതേസമയം, മെയ് മുതൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നതാണ്.
ഇത്തവണ മാർച്ച് മാസത്തിൽ ലഭിക്കേണ്ട വേനൽ മഴയുടെ അളവിൽ കുറവ് ഉണ്ടായിട്ടുണ്ട്. മാർച്ചിൽ 32.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത്, 29.4 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വേനൽ മഴയിലെ കുറവും, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും, കാലാവസ്ഥാ വ്യതിയാനവും ചൂട് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ, സൂര്യാഘാതത്തിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ, വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിട്ടേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധർ നൽകുന്നുണ്ട്. മാർച്ചിൽ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ്.