വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതോടെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനുമായ ഹർഷ് മന്ദറിന്റെ എൻജിഒ അമൻ ബിരാദാരിക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.
ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഹർഷ് മന്ദർ മുന്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. യുപിഎ ഭരണകാലത്ത് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശക സമിതിയിൽ അംഗമായിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് എൻജിഒ സ്ഥാപിച്ചത്.
‘മതേതരവും സമാധാനപരവും നീതിയുക്തവും മാനുഷികവുമായ ലോകത്തിനായുളള ജനകീയ പ്രചാരണം എന്നായിരുന്നു’ എൻജിഒയുടെ സന്ദേശം. മറ്റ് സംഘടനകളുമായും ഗ്രൂപ്പുകളുമായും ചേർന്ന് മതനിരപേക്ഷത സംരക്ഷിക്കുന്നതിനും പൊതുഅനുകമ്പയ്ക്കും ഭരണഘടനയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ‘അമൻ ബിരാദാരി’ എന്ന എൻജിഒ പ്രവർത്തിച്ചിരുന്നതെന്നാണ് ഇയാളുടെ വാദം.