‘ഗോവിന്ദൻ മാഷിന്റെ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി ഉണ്ടാകില്ല’: കുട്ടനാട്ടിലെ ചുമട്ട് തൊഴിലാളികള്‍ക്ക് ഭീഷണി

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ജനങ്ങൾക്ക് ഭീഷണി. കുട്ടനാട്ടിലാണ് സംഭവം. ജാഥയ്ക്ക് എത്തിയില്ലെങ്കില്‍ ജോലിയുണ്ടാവില്ല എന്ന് കൈനകരി ലോക്കല്‍ സെക്രട്ടറി ചുമട്ടുതൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കായല്‍ മേഖലയില്‍ നെല്ല് ചുമക്കുന്ന തൊഴിലാളികള്‍ക്കാണ് മുന്നറിയിപ്പ്.

ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്‌ക്കെത്താന്‍ നിര്‍ദേശം നല്‍കി. ഇവരില്‍ പകുതിപ്പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പ രതീശന്‍ മുന്നറിയിപ്പ് നല്‍കി. ജാഥയ്‌ക്കെത്തിയവര്‍ ഹാജര്‍ രേഖപ്പെടുത്തണന്നും തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്. ഹാജർ ബുക്ക് നോക്കി വരാത്തവർക്ക് നേരെ പ്രതികാര നടപടി ഉണ്ടായേക്കുമെന്നും, ഇത് ഭയന്ന് എല്ലാവരും വരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.

അതേസമയം, തന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ഗോവിന്ദൻ വിമർശിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ‘ചില ആളുകളുണ്ട്, ഈ യോഗം പൊളിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്തുന്നവർ. യോഗം എങ്ങനെ നടത്തണമെന്നല്ല, ഇതെങ്ങനെ പൊളിക്കുകയെന്നതാണ് ഇത്തരക്കാരുടെ ചിന്ത. അത് എനിക്ക് മനസിലായി ഈ വാഹനത്തിൽ വന്നവരെ ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കി ഉള്ളവരെ പിടിക്കാൻ വന്നതാ’- ഗോവിന്ദൻ മാഷിന്‍റെ തമാശ കലർന്ന പരാമർശം നിറചിരിയോടെയാണ് സഖാക്കൾ ഏറ്റെടുത്തത്.