കണ്ണൂർ: ബ്രണ്ണൻ കോളേജിൽ യേശുവിനെ അപമാനിക്കുന്ന തരത്തിൽ എസ്എഫ്ഐ ബോർഡുകൾ സ്ഥാപിച്ചത് വിവാദമാകുന്നു. പെൺകുട്ടിയെ കുരിശിൽ തറച്ച ചിത്രം അടങ്ങുന്ന ബോർഡാണ് ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിന് വഴിയൊരുക്കിയത്. ‘കേട്ടിട്ടുണ്ടോ അടയാള പ്രേതങ്ങളെക്കുറിച്ച്, തൂങ്ങുന്ന മുലകളുള്ള പെൺകുരിശിനെക്കുറിച്ച്, കോലമില്ലാത്ത കുമ്പസാരങ്ങളെക്കുറിച്ച്’ എന്നു തുടങ്ങുന്ന വാചകവും ബോർഡിലുണ്ടായിരുന്നു. കാസ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ കോളേജ് അധികൃതർ ഇടപെട്ട് ബോർഡുകൾ നീക്കം ചെയ്തു.
ഇതിനെതിരെ ആദ്യം കാസയുടെ കണ്ണൂർ യൂണിറ്റാണ് രംഗത്തെത്തിയത്. തുടർന്ന് വിഷയം ക്രൈസ്തവ യുവജന സംഘടന ഏറ്റെടുക്കുകയായിരുന്നു. ക്രൈസ്തവ സമുദായത്തെയും സമുദായത്തിന്റെ മതവികാരത്തെയും വ്രണപ്പെടുത്തുന്നതാണ് ബോർഡെന്നും കെസിവൈഎം വ്യക്തമാക്കിയിരുന്നു. കലോത്സവ വേദികളെ മതവിശ്വാസത്തെ വ്രണപ്പെടുത്താനുള്ള വേദിയാക്കുന്നത് പ്രതിഷേധാർഹമാണെന്നും വിശ്വാസികളെ അവഹേളിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും താമരശ്ശേരി രൂപത ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് എസ്എഫ്ഐ ബോർഡ് നീക്കിയത്. ഇരുമ്പാണിമേൽ തൊഴിക്കുന്നത് എസ്എഫ്ഐയ്ക്ക് അപകടകരമാണെന്നും കെസിവൈഎം താമരശ്ശേരി യൂണിറ്റ് മുന്നറയിപ്പ് നൽകി.