എത്ര ദൂരത്തേക്ക് ടിക്കറ്റ് എടുത്താലും 20 രൂപ; വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി കൊച്ചി മെട്രോയുടെ സമ്മാനം
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക ഓഫര്‍ നല്‍കി കൊച്ചി മെട്രോ. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് കൊച്ചി മെട്രോ നല്‍കുന്ന വനിതാ ദിന സമ്മാനം. മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
20 രൂപാ നിരക്കിലുള്ള യാത്രയ്‌ക്കൊപ്പം നാല് മെട്രോ സ്‌റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. വനിതാ ദിനമായ നാളെയാണ് ഇവയുടെ ഉദ്ഘാടനം നടക്കുക. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് ഈ സൗകര്യമുള്ളത്.
നാപ്കിന്‍ മെഷീനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് സൗജന്യ നാപ്കിനുകളും ലഭിക്കും. കലൂര്‍ മെട്രോ സ്‌റ്റേഷനില്‍ നാളെ ഉച്ചയ്ക്ക് കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ ആണ് വെന്‍ഡിംഗ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്യുക.