ഇന്ത്യ – ശ്രീലങ്ക സാമ്പത്തിക ഇടപാടുകൾക്ക് ശ്രീലങ്ക ഇന്ത്യന്‍ രൂപ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

കൊളംബോ: ഇന്ത്യയും ശ്രീലങ്കയുംതമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നതിനെപ്പറ്റി ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര – നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ വ്യാഴാഴ്ച ചര്‍ച്ച ആരംഭിച്ചിരുന്നു. ബാങ്ക് ഓഫ് സിലോണ്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ചർച്ചയിൽ പങ്കെടുത്തു. കുറഞ്ഞ സമയപരിധി, കുറഞ്ഞ വിനിമയ ചെലവ്, വ്യാപാര ക്രെഡിറ്റുകളുടെ എളുപ്പത്തിലുള്ള ലഭ്യത എന്നിവ ഉള്‍പ്പെടെ ഇന്ത്യൻ രൂപ ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടം ചര്‍ച്ചയില്‍ പങ്കെടുത്ത ബാങ്ക് പ്രതിനിധികൾവിശദീകരിച്ചു.

ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ഈ നയം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാൻ ഈ നയം സഹായിക്കുമെന്നും ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ഗോപാല്‍ ബാഗ്ലേ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് 3.8 ബില്യണ്‍ ഡോളര്‍ സഹായധനം അനുവദിച്ച രാജ്യം കൂടിയാണ് ഇന്ത്യ. പുതിയ നയം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ഊട്ടിയുറപ്പിക്കുമെന്ന് ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ശേഷന്‍ ശെമ്മസിംഗെ പറഞ്ഞു.

ആര്‍ബിഐയില്‍ നിന്നുള്ള ഒരു സംഘം ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകള്‍ ഏറ്റെടുക്കുന്നതിനുള്ള ഓപ്ഷന് പുറമെ, ചരക്കുകളിലെയും സേവനങ്ങളിലെയും കറന്റ് അക്കൗണ്ട് ഇടപാടുകള്‍ ഇന്ത്യൻ രൂപയിൽ തീര്‍പ്പാക്കാനുള്ള സാധ്യതയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു.

2022ലാണ് ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ ആകെ തകര്‍ത്ത സാമ്പത്തിക മാന്ദ്യമുണ്ടായത്. 1948ല്‍ ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്. വിദേശ നാണ്യ കരുതല്‍ ശേഖരത്തിലെ കുറവ് രാജ്യത്ത് വല്ലാത്ത രാഷ്ട്രീയ പ്രഷുബ്ധതയാണ് ഉണ്ടാക്കിയത്. കൂടാതെ രാജപക്‌സെ കുടുംബത്തെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും ഈ രാഷ്ട്രീയ പ്രതിസന്ധി കാരണമായി.