873 ഉദ്യോഗസ്ഥര്‍ക്ക് PFI ബന്ധമുണ്ടെന്ന് DGPയ്ക്ക് NIA റിപ്പോര്‍ട്ട് നൽകിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്
സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ഡിജിപിയ്ക്ക് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേരള പോലീസ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള 873 പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് എന്‍ഐഎ കൈമാറിയെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി കേരള പോലീസ് രംഗത്തെത്തിയത്. എന്നാല്‍ കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.