കോട്ടയം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളം തീവ്രവാദികളുടെ നാടായി മാറിയെന്നും കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും നദ്ദ ആരോപിച്ചു.
‘വിവേചനങ്ങളില്ലാത്ത വികസനമാണ് രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കേരളത്തിൽ ഭവന രഹിതരായ രണ്ടു ലക്ഷം പേർക്ക് വീട് നൽകുകയാണ് ലക്ഷ്യം. നാട്ടിലെ ഏറ്റവും പാവപ്പെട്ടവരിലേക്കാണ് മോദി സർക്കാരിന്‍റെ പദ്ധതികൾ എത്തുന്നത്’, അദ്ദേഹം പറഞ്ഞു.
കേരളം അഴിമതി മുക്തമാകണമെങ്കിൽ ബിജെപിക്കൊപ്പം നിൽക്കണമെന്നും നദ്ദ പറഞ്ഞു. കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം നഗരസഭയിലെ പിഎംഎവൈ ഗുണഭോക്താക്കൾക്കുള്ള ഫാനുകളും വിതരണം ചെയ്‌തു.
കേരള ബിജെപി ഘടകം പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ലിജിൻ ലാൽ, അൽഫോൺസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.