പതിനാറാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ്. ഇംഗ്ലണ്ടിലെ രാജ്ഞി ആയിരുന്ന എലിസബത്ത് മരിക്കുകയും മകൻ ചാൾസ് രാജാവാവുകയും ചെയ്തതോടെ നോസ്ട്രഡാമസിന്റെ ഒരു പ്രവചനം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ചാൾസ് രാജാവിന്റെ ഭരണം ഹ്രസ്വവും മധുരവുമായിരിക്കുമെന്ന് നോസ്ട്രഡാമസ് പ്രവചിച്ചു. ഇളയ മകൻ ഹാരി രാജകുമാരൻ സിംഹാസനം ഏറ്റെടുത്തേക്കുമെന്ന് ഇപ്പോൾ അഭ്യൂഹങ്ങളുണ്ട്.
1555 ൽ എഴുതിയ നിഗൂഢമായ കവിതകളിൽ രാജ്ഞിയുടെ മരണത്തിന്റെ കൃത്യമായ വർഷം നോസ്ട്രഡാമസ് പ്രവചിച്ചതായി നോസ്ട്രഡാമസിന്റെ ദർശനങ്ങളിൽ വിദഗ്ദ്ധനും എഴുത്തുകാരനുമായ മരിയോ റീഡിംഗ്, അഭിപ്രായപ്പെട്ടിരുന്നു.
“എലിസബത്ത് രാജ്ഞി 2022 ൽ തൊണ്ണൂറ്റിയാറാം വയസ്സിൽ മരിക്കും. അമ്മയുടെ ആയുർദൈർഘ്യത്തിന് അഞ്ച് വർഷം കുറവായിരിക്കും,” നോസ്ട്രഡാമസിന്റെ കവിതകളെക്കുറിച്ച് റീഡിംഗ് എഴുതിയത് ഇങ്ങനെയാണ്. നോസ്ട്രഡാമസ് തന്റെ ഒരു കവിതയിൽ ‘ദ്വീപുകളുടെ രാജാവ്’ എന്ന വാക്കുകൾ പരാമർശിച്ചത് ചാൾസ് രാജാവിനെ ഉദ്ദേശിച്ചാണ്. ചാൾസ് മൂന്നാമൻ രാജാവിന്റെ ഭരണകാലത്ത് കോമൺവെൽത്തിന്റെ ഭൂരിഭാഗവും തകരുമെന്ന വസ്തുതയാണ് നോസ്ട്രഡാമസ് പരാമർശിച്ചത് എന്നും റീഡിംഗ് പറയുന്നു.