കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം നല്‍കുന്നത് നിര്‍ത്തിവയ്ക്കാൻ നിർദേശം

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അടിയന്തിരമായി ആവശ്യമുള്ളവർക്ക് മാത്രമേ പണം തിരികെ നൽകാൻ കഴിയൂ. ഇക്കാര്യം കോടതിയെ അറിയിക്കണം.

കാലാവധി കഴിഞ്ഞ 142 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും 284 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ബാങ്ക് അറിയിച്ചു. പണം എങ്ങനെ തിരികെ നൽകാമെന്ന് സർക്കാരിനെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 10ന് വീണ്ടും പരിഗണിക്കും.

അതേസമയം കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ ഇഡി അന്വേഷണം അനിശ്ചിതത്വത്തിലാണ്. കേസ് രജിസ്റ്റർ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല. പൊലീസ് എഫ്.ഐ.ആറിന് കീഴിലാണ് പ്രതികൾ . ഇതുവരെ പൊലീസിൽ നിന്ന് ഫയലിന്‍റെ ശേഖരണം മാത്രമാണ് നടന്നത്. പരാതിക്കാരുടെ മൊഴി ഒരിക്കൽ പോലും രേഖപ്പെടുത്തിയിട്ടില്ല. ഫസ്റ്റ് ഓഫീസറുടെ സ്ഥലംമാറ്റം അന്വേഷണത്തെ ബാധിച്ചെന്നാണ് വിമർശനം.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അന്വേഷണ പുരോഗതി അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഇന്നലെ പരിഗണിച്ച ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചിട്ട് എട്ട് മാസമായെങ്കിലും പണം എവിടെയാണെന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.