പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചിത്തിനി’യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്‌കോസ്റ്റ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനൊപ്പം രസകരമായ വേറിട്ടൊരു കഥാസന്ദര്‍ഭത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
ചിത്രത്തിന്റെ ഹൊറര്‍ മൂഡിലുള്ള ആദ്യത്തെ പോസ്റ്ററും ക്ലാസിക്കല്‍ ഡാന്‍സിന്റെ വശ്യ സുന്ദരമായ സെക്കന്റ് ലുക്ക് പോസ്റ്ററും ആഘോഷത്തിന്റെ മൂഡിലുള്ള മൂന്നാമത്തെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിത്തിനി.
നൂല്‍പ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന, ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.