പത്ത് വർഷമായി ഞാനൊരു സിനിമ തിയേറ്ററിൽ പോയി കണ്ടിട്ട്: ആടുജീവിതത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര


ബ്ലെസി സംവിധാനം ചെയ്ത്, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ‘ആടുജീവിതം’ എന്ന ചിത്രത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര. താൻ പത്ത് വർഷമായി തിയേറ്ററിൽ നിന്നും സിനിമ കണ്ടിട്ടെന്നും, തന്റെ പത്ത് വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നും ചിത്രം കണ്ടിറങ്ങിയ ശേഷം സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ആടുജീവിതത്തിന് വേണ്ടിയാണ് താനും ഈ പത്തുവർഷം കാത്തിരുന്നത് എന്നിപ്പോൾ തോന്നുന്നുവെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.

‘ഞാൻ ഒരു തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് സത്യത്തിൽ പത്ത് വർഷമായി. ഈ ആടുജീവിതത്തിന് വേണ്ടിയായിരുന്നു ഞാനും പത്തുവർഷം കാത്തിരുന്നത് എന്നെനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പർശിയായ ഒരനുഭവമായിരുന്നു സിനിമ. കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നുകഴിഞ്ഞു എന്നെനിക്ക് നിസ്സംശയം പറയാൻ കഴിയും. ഞാൻ പൊതുവേ കാര്യങ്ങളെ വിമാർശനാത്മകമായി സമീപിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും ഞാൻ അതിനകത്തെ കുറവുകളെവിടെയാണെന്ന് പെട്ടെന്ന് കണ്ണിൽപ്പെടും. പക്ഷേ ബ്ലെസ്സിയുടെ ഈ സിനിമ ആ സൂക്ഷ്മാംശത്തിൽ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ പത്തുവർഷത്തെ എന്റെ കാത്തിരിപ്പും വിഫലമായില്ല’, സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ആടുജീവിതം വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയിൽ നിന്ന്. മലയാളികളെ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ചിത്രം പകർത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലിൽ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ കസ്റ്റഡിലെടുത്തിരുന്നു. സീരിയൽ നടിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.