‘ഞാൻ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോൾ ഇവരൊക്കെ പരിഹസിച്ചു’: കരിയറിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് ശ്രീനാഥ് ഭാസി


ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ഏറ്റവും വേഗത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ്. യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയിൽ ശ്രീനാഥ് ഭാസി ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ സുഭാഷ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താൻ കരിയറിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ആ സമയത്തെ മാനസികാവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി.

‘ഇന്നത്തെ ഈ അവസ്ഥയിൽ സന്തോഷമുണ്ട്. എന്നാൽ ഒരു റിവഞ്ചായൊന്നും ഞാൻ ഇതിനെ കാണുന്നില്ല. എന്നെ സംബന്ധിച്ച് കഴിഞ്ഞ ഒരു കൊല്ലമുണ്ട്. എല്ലാവരും ഒരു ടൈം ലൈനിൽ ഒരു കഥ കണ്ടുകൊണ്ടിരിക്കുന്നതുപോലെ എന്റെ ജീവിതം കാണുകയാണ്. യൂട്യൂബിലും മറ്റുമായി പല കഥകൾ അവർ കാണുന്നു. എന്നാൽ എന്നെ സംബന്ധിച്ച് എനിക്ക് ഇതെല്ലാം വ്യത്യസ്‌തമായ അനുഭങ്ങളായിരുന്നു. അത് ഒരിക്കലും നിങ്ങൾ യൂ ട്യൂബിൽ കണ്ടതൊന്നുമല്ല. ഈ വീഡിയോകളൊക്കെ ആളുകൾ യൂട്യൂബിൽ കാണുക വ്യത്യസ്‌ത സമയങ്ങളിലാണ്. അവരുടെ ജീവിതത്തിലെ വ്യത്യസ്‌ത സമയങ്ങളിൽ. എന്നാൽ എനിക്ക് അത് ഒരു ദിവസം സംഭവിച്ചതാണ്. ഒരു പതിനാറ് ഇന്റർവ്യൂ!

ആ വിവാദം വന്നതിന് പിന്നാലെ ഞാൻ വ്യത്യസ്തമായ കുറേ കാര്യങ്ങൾ ചെയ്തിരുന്നു. പിന്നെ ഞാൻ പ്രതികരിച്ച ഒരു രീതിയുണ്ടല്ലോ. ആളുകൾ ഇത് ഇന്റർനെറ്റിൽ കാണുകയാണ്. അതിനൊക്കെ ശേഷം ഞാൻ പോയി മാപ്പും പറഞ്ഞു. ഞാൻ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോൾ ഇവരൊക്കെ പറയുകയാണ് ഇവൻ കൊള്ളാം ഉഗ്രൻ ആക്‌ടർ ആണെന്ന്. നിങ്ങളുടെ മനസിൽ ഉള്ള കാര്യം നിങ്ങൾ പുറത്തേക്ക് പറയുകയാണ്, സത്യസന്ധമായി സംസാരിക്കുകയാണ്. ഒരു കാര്യം സംഭവിച്ചു. എനിക്കും വിഷമമായിരുന്നു. കാരണം ഞാൻ ഒരു ആക്‌ടറാണ്, അങ്ങനെ പെരുമാറരുത്. വേറെ രീതിയിലും വേണമെങ്കിൽ പെരുമാറാമായിരുന്നു. അതിന് ശേഷം നമ്മൾ സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ആളുകൾ അത് ശ്രദ്ധിക്കുന്നേയില്ല. മാത്രമല്ല കൊള്ളാം മോനെ നല്ല അഭിനയം എന്ന് കമൻ്റ് ചെയ്യുകയാണ്.

അപ്പോൾ എനിക്ക് മനസിലായി. നിങ്ങൾ വർക്ക് ചെയ്യുക, ആ വർക്ക് സംസാരിക്കട്ടെ. ഞാൻ ഒരു ആക്‌ടർ ആണല്ലോ. എല്ലാവരേയും എൻ്റർടൈൻ ചെയ്യുക എന്നതാണല്ലോ എൻ്റെ ജോലി. പിന്നെ ജീവിതമാണ്. നമ്മുടെ സ്ട്രഗിളിനൊക്കെ ഒരു അവസാനം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഈ പടം ചെയ്യാൻ കഴിഞ്ഞതുകൊണ്ട് അത് ഡീൽ ചെയ്യാൻ പറ്റിയെന്ന് കരുതുന്നു. പക്ഷേ ഇതെല്ലാം കഴിഞ്ഞെന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെത്തെ ഒരു പടം ഈ സാഹചര്യത്തിൽ ഉണ്ടാക്കാൻ പറ്റുക എന്നതും ഒരു റിയൽ സ്റ്റോറി കൂട്ടുകാർക്കൊപ്പം ചെയ്യാൻ പറ്റുക എന്നതും ഭാഗ്യമായി മാത്രമാണ് ഞാൻ കാണുന്നത്’, രേഖ മേനോനുമായുള്ള അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞു.