‘കനക സിനിമ വിട്ട് പോകാനുണ്ടായ കാരണം നിരാശയും പശ്ചാതാപങ്ങളും!’: കോടമ്പാക്കത്തെ ഞെട്ടിച്ച ശരത് കുമാറിന്റെ വെളിപ്പെടുത്തൽ
മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ നടിയാണ് കനക. വളരെ കുറച്ച് സിനിമകളെ നടി അഭിനയിച്ചിട്ടുള്ളു എങ്കിലും ആ കഥാപാത്രങ്ങളെല്ലാം മലയാളികൾ എന്നും ഓർത്തിരിക്കുന്നവയാണ്. തമിഴ് സിനിമാലോകത്തും മുന്‍നിര നടി ദേവികയുടെ മകളാണ് കനക. അമ്മയെപ്പോലെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് 26-ാം വയസ്സിലാണ് കനക നായികയായി രംഗത്തെത്തുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച നടി 6 വര്‍ഷത്തിനുള്ളില്‍ 30-ലധികം സിനിമകളില്‍ കനക അഭിനയിച്ചു. 1995 ന് ശേഷമാണ് കനകയുടെ സിനിമകളിലെ അഭിനയം ഗണ്യമായി കുറഞ്ഞത്. പിന്നീട് അമ്മയുടെ വേർപാടിന് പിന്നാലെ, കനക അഭിനയം പൂർണമായും നിർത്തുകയായിരുന്നു.
അടുത്തിടെ നടി കനകയ്ക്കൊപ്പമുള്ള കുട്ടി പത്മിനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നപ്പോഴാണ് തിരിച്ചറിയാന്‍ പറ്റാത്ത വിധം നടി മാറിയെന്ന് പോലും പലരും അറിഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രശസ്ത നടന്‍ ശരത് കുമാര്‍ കനകയെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുന്നത്. 1992 ല്‍ പുറത്തിറങ്ങിയ ‘ചാമുണ്ഡി’ എന്ന സിനിമയില്‍ ശരത് കുമാറും കനകയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ കനകയെക്കുറിച്ച് നടനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു താരം.
നടി കനക എന്തുകൊണ്ടായിരിക്കാം സിനിമാ മേഖല വിട്ട് പോയതെന്നായിരുന്നു നടനോട് ചോദിച്ചത്. ‘മറ്റൊരാളുമായി താരതമ്യപ്പെടുത്താനാവാത്ത വിധം കഠിനാധ്വാനിയായിരുന്നു കനക. സിനിമാ മേഖലയോടുള്ള അവളുടെ സ്‌നേഹം അപാരമായിരുന്നു. പക്ഷേ ജീവിതത്തില്‍ സംഭവിച്ച ചില നിരാശകളും പശ്ചാത്താപങ്ങളും അവളുടെ മനസ്സില്‍ മായാത്ത മുറിവായി. ഒടുവില്‍ അത് വലിയ സമ്മര്‍ദമായി മാറുകയും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു. സിനിമാ മേഖലയിലുള്ള പലരും സമാനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമാ മേഖലയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നല്ല ഉപദേശം നല്‍കണമെന്ന് ഞാന്‍ പലതവണ പറഞ്ഞു’, ശരത് കുമാര്‍ വ്യക്തമാക്കി.
1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് കനക മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മുകേഷിന്റെ നായികയായിട്ടുള്ള മാലു എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒന്നര വര്‍ഷത്തോളം തിയേറ്ററില്‍ ഓടിയ സൂപ്പര്‍ഹിറ്റ് ചിത്രമായി ഗോഡ്ഫാദര്‍ മാറിയതിനൊപ്പം അതിലെ നായികയും പ്രശസ്തയായി. ഇതിന് ശേഷമാണ് കനകയ്ക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടി തുടങ്ങിയത്.