മൻസൂർ അലി ഖാൻ റേപ് കേസിൽ 7 വർഷം ജയിലിൽ കിടന്നയാൾ? 1998 ലെ ‘വിവാദ’ സംഭവത്തിൽ ട്വിസ്റ്റുകൾക്കൊടുവിലെ കോടതി വിധി…


ചെന്നൈ: നടി തൃഷയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വില്ലന്‍ വേഷം ചെയ്ത ലിയോയില്‍ മുന്‍കാല സിനിമകളിലേതുപോലെയുള്ള ചില രംഗങ്ങളൊക്കെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെന്നും നായികയായ തൃഷയെ കട്ടിലിലേക്ക് എടുത്ത് ഇടാന്‍ സാധിച്ചില്ലെന്നും അതില്‍ നിരാശയുണ്ടെന്നുമാണ് മന്‍സൂര്‍ പറഞ്ഞത്. ഇതിനെതിരെ തൃഷയും മറ്റ് ടൈഹാരങ്ങളും രംഗത്തെത്തി. ഇപ്പോഴിതാ, മൻസൂർ അലി ഖാൻ മുൻപൊരിക്കൽ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവനാണെന്ന വാർത്ത പുതിയ സാഹചര്യത്തിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്.

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മൻസൂർ അലി ഖാനെ 2001 മാർച്ചിൽ സെഷൻസ് കോടതി 7 വർഷം തടവിന് ശിക്ഷിച്ചു. പിന്നീട് 2012ൽ മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചു. തുടർന്ന് മൻസൂർ അലിഖാന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യുവതിയോട് കോടതി ഉത്തരവിട്ടു. എന്നിരുന്നാലും, 2012-ൽ മറ്റൊരു അറസ്റ്റും നേരിടേണ്ടി വന്നു, ഇത്തവണ ഭൂമി കൈയേറ്റ ആരോപണത്തിൽ ആയിരുന്നു. ചെന്നൈയിലെ അറുമ്പാക്കത്ത് 16 നിലകളുള്ള കെട്ടിടം അനധികൃതമായി നിർമിച്ചുവെന്നായിരുന്നു ആരോപണം.

ഇതിനിടെ, മൻസൂർ അലി ഖാനെതിരെ മുൻപൊരിക്കൽ ഹരിശ്രീ അശോകൻ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാകുന്നുണ്ട്. താന്‍ കൂടി അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ മന്‍സൂര്‍ അലി ഖാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവമാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. തന്നെ തല്ലുന്ന സീനിൽ മൻസൂർ മനഃപൂർവ്വം ഒറിജിനലായി തല്ലിയെന്നായിരുന്നു ഹരിശ്രീ അശോകൻ പറഞ്ഞത്.

‘സത്യം ശിവം സുന്ദരം എന്ന് പറയുന്ന പടത്തില്‍ ബസ് സ്റ്റാന്‍ഡില്‍ ഇട്ട് ഞങ്ങളെ തല്ലുന്നുണ്ട് മന്‍സൂര്‍ അലി ഖാന്‍. വില്ലനായി അഭിനയിക്കുന്നത് അയാളാണ്. എന്നെയും ഹനീഫ് ഇക്കയെയും (കൊച്ചിന്‍ ഹനീഫ) ആണ് തല്ലുന്നത്. അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് കണ്ണ് കാണാം. ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് കണ്ണ് കാണില്ല. കണ്ണിന്‍റെ കൃഷ്ണമണി മുകളിലേക്ക് പിടിച്ചാണ് ഞങ്ങള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് ഫൈറ്റ് സീനില്‍ എതിരെ നില്‍ക്കുന്ന ആളുടെ കൈ എങ്ങനെ വരുന്നു എന്നൊന്നും ഞങ്ങള്‍ക്ക് കാണാന്‍ പറ്റില്ല.

ഇയാള്‍ രണ്ട് മൂന്ന് പ്രാവശ്യം കൈക്ക് ഇട്ട് ഇടിച്ചു, പിന്നെ നെഞ്ചിന് രണ്ട് പ്രാവശ്യം ചവിട്ടി. ഞാന്‍ ഒരു പ്രാവശ്യം പറഞ്ഞു, ചവിട്ടരുത്, നോക്കണം എന്ന്. ഇതിന്‍റെ ടൈമിംഗ് നിങ്ങളുടെ കൈയിലാണ് ഇരിക്കുന്നത്. അതിനനുസരിച്ച് ചെയ്യണം എന്ന്. പക്ഷേ അയാള്‍ അത് മൈന്‍ഡ് ചെയ്തില്ല. രണ്ടാമത് വീണ്ടും ചവിട്ടി. ചവുട്ടിക്കഴിഞ്ഞപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. നിന്നോട് ഒരു പ്രാവശ്യം പറഞ്ഞതാണ്, ചെയ്യരുതെന്ന്. ഇനി എന്‍റെ ദേഹത്ത് തൊട്ടാല്‍ നീ മദ്രാസ് കാണില്ല എന്ന് പറഞ്ഞു. പിന്നെ കുഴപ്പം ഉണ്ടായില്ല. കാരണം അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. എന്‍റെ നാലിരട്ടിയുണ്ട് ഇയാള്‍. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍”, ഹരിശ്രീ അശോകന്‍ പറഞ്ഞു.