വിടപറഞ്ഞ പ്രിയസംവിധായകന്‍ സിദ്ദീഖിനെ ഓര്‍ത്തെടുത്ത് ബോളിവുഡ് താരം കരീന കപൂര്‍. സിദ്ദീഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത വന്‍ വിജയമായ ബോഡി ഗാര്‍ഡിന്‍റെ ഹിന്ദി റീമേക്കില്‍ കരീനയായിരുന്നു നായിക. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സിദ്ദിഖിന്റെ ചിത്രം പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള ദുഃഖം കരീന പങ്കുവെച്ചത്.
2010ല്‍ റിലീസ് ചെയ്ത ബോഡിഗാര്‍ഡ് മലയാളം പതിപ്പില്‍ ദിലീപും നയന്‍താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.തമിഴില്‍ വിജയും അസിനും പ്രധാന വേഷങ്ങളിലെത്തി കാവലന്‍ എന്ന പേരില്‍ സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രം ബ്ലോക് ബസ്റ്റര്‍ വിജയം നേടി.
Siddique | ബോഡിഗാര്‍ഡില്‍ ദിലീപായിരുന്നോ സല്‍മാന്‍ ആയിരുന്നോ കൂടുതല്‍ കംഫര്‍ട്ടബിള്‍ ? വേദിയെ പൊട്ടിച്ചിരിപ്പിച്ച സിദ്ദീഖിന്‍റെ മറുപടി
ചിത്രം ഹിന്ദിയിലെത്തിയപ്പോള്‍ സൽമാൻ ഖാനും കരീനാ കപൂറും ഹെയ്സൽ കീച്ചുമായിരുന്നു യഥാക്രമം ദിലീപിന്‍റെയും നയന്‍താരയുടെയും മിത്ര കുര്യന്‍റെയും വേഷങ്ങളിൽ എത്തിയത്. വൻ വിജയം നേടിയ ചിത്രം ആഗോള ബോക്സോഫീസില്‍ ഇരുന്നൂറുകോടിയോളം കളക്ഷനും സ്വന്തമാക്കിയിരുന്നു.
ചിരിയുടെ ഗോഡ്ഫാദറിന് വിട; സംവിധായകന്‍ സിദ്ദീഖിന് അന്ത്യാഞ്ലി അര്‍പ്പിച്ച് കലാകേരളം
‘നിങ്ങളെ വല്ലാതെ മിസ് ചെയ്യും’ എന്നാണ് കരീന കപൂർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത്. ഒരു ചിരിയോടെ എന്നെന്നും ഓർമയിലുണ്ടാവുമെന്നും അവർ കുറിച്ചു.
ഹാസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് വേറിട്ട മുഖം സമ്മാനിച്ച അതുല്യ സംവിധായകന്‍ സിദ്ദീഖിന് കലാകേരളം വിടചൊല്ലി. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിന് ആയിരങ്ങളാണ് എത്തിയത്. സാമൂഹ്യ -സാംസ്കാരിക- സിനിമാ രംഗത്തെ പ്രമുഖർ സിദ്ദീഖിന് അന്ത്യോപചാരം അർപ്പിച്ചു. പൊതു ദർശനത്തിന്റെ അവസാന മണിക്കൂറുകളിലും ജനങ്ങൾ ഒഴുകിയെത്തി.