‘സിദ്ദിഖ്‌ ലാല്‍ എന്നത് ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിക്കാനായല്ലോ‌’; ഉള്ളം തകർന്ന്‌ ലാൽ


കലാജീവിതത്തിലും സ്വകാര്യ ജീവിതത്തിലും എന്നും കൂടെ താങ്ങായി നിന്ന പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാകാതെ നടനും സംവിധായകനുമായ ലാൽ. കലാഭവനിലെ സ്കിറ്റുകൾക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പർഹിറ്റുകൾ സിനിമ പ്രേമികൾക്ക് സമ്മാനിച്ചു ഇതിനിടയിൽ എവിടെയോ വച്ച് വഴി പിരിഞ്ഞെങ്കിലും അവസാന നിമിഷങ്ങളിൽ പ്രിയപ്പെട്ടവന്‍റെ ഒപ്പം നിൽക്കുകയാണ് ലാല്‍. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തൻറെ പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ എത്തുന്നവരെ കണ്ടപ്പോള്‍ ലാലിന് സങ്കടം നിയന്ത്രിക്കാനായില്ല. പ്രിയസുഹൃത്തിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു.

സിദ്ദിഖിനെക്കുറിച്ച് ലാല്‍ പറഞ്ഞ വാക്കുകള്‍

ആദ്യം ഞങ്ങൾ ഒരുമിച്ച് മിമിക്രി കളിച്ചു. പിന്നെ സിനിമയ്ക്ക് കഥയെഴുതി. സഹസംവിധായകരും സംവിധായകരുമായി. ചിത്രങ്ങൾ നിർമിച്ച് വിതരണം ചെയ്തു. എല്ലാത്തിന്റെയും തുടക്കം പുല്ലേപ്പടിയിൽനിന്നാണ്. ഇതിനിടയിൽ ജീവിതാവസ്ഥകളും ഞങ്ങൾ അണിഞ്ഞ കുപ്പായങ്ങളും മാറി മാറി വന്നെങ്കിലും സൗഹൃദത്തിനെ ഒരെ നിറമായിരുന്നു. അത് എന്നും കലർപ്പ് പുരളാത്ത പരിശുദ്ധമായ ഒന്നായിരുന്നു.

എല്ലാ കൂട്ടുകാരെയുംപോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്. പിണങ്ങിയിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പിണക്കവും വഴക്കും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങള്‍ക്കായിരുന്നില്ല. മറിച്ച് കഥാപരമായ കാര്യങ്ങളിലെ തര്‍ക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. അതേച്ചൊല്ലി ഒരുപാട് വഴക്കടിക്കും. പക്ഷേ, മറ്റേയാള്‍ പറയുന്നത് ശരിയാണെന്ന് ഞങ്ങളിലാര്‍ക്കാണോ ആദ്യം മനസ്സിലാകുന്നത് അവിടെ വഴക്ക് തീരും.

Also read-Siddique | പ്രിയ ചങ്ങാതിയുടെ അവസാന നിമിഷങ്ങളിലും ഒപ്പം നിന്ന് ലാൽ

ഈഗോ എന്നത് ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ആരാണോ ശരി പറയുന്നത് അത് അംഗീകരിക്കാന്‍ സന്നദ്ധതയുണ്ടായിരുന്ന സുഹൃത്തുക്കളായിരുന്നു എല്ലാകാലവും ഞങ്ങള്‍. എത്രയോ സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ ഞങ്ങള്‍ കൈകൊടുത്ത് പൊട്ടിച്ചിരിച്ചിട്ടുണ്ട്. ഞങ്ങളുടെ പിണക്കത്തിന് ഇത്രയേ ആയുസ്സുള്ളൂവെന്ന് അറിയാവുന്നവര്‍, അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയവര്‍ ഞാനും സിദ്ദിഖും തന്നെയാണ്.

ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ പലരും ചോദിച്ചു, എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭവമുണ്ടായിട്ടാണെന്ന് ബന്ധുക്കള്‍പോലും വിചാരിച്ചു. പക്ഷേ, അതും ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഒരു കണിക പോലുമുണ്ടായിരുന്നില്ല.

ഏറ്റവും സൗഹാര്‍ദത്തോടെ കൂട്ടുകാരായിത്തന്നെയാണ് ഞങ്ങള്‍ സിദ്ദിഖ്-ലാല്‍ എന്ന പേരില്‍നിന്ന് സിദ്ദിഖും ലാലുമായി അടര്‍ന്നുമാറിയത്. അതേക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാവുന്ന രണ്ടുപേര്‍ ഞാനും സിദ്ദിഖും തന്നെയാണ്. പിന്നെ എന്റെ ഭാര്യ നാന്‍സിയും. സിദ്ദിഖ് സംവിധാനം ചെയ്തപ്പോള്‍ ഞാന്‍ നിര്‍മാതാവായി. അവിടെയും ഞങ്ങളുടെ കൂട്ടുതുടര്‍ന്നു. സിദ്ദിഖ്ലാല്‍ എന്നത് ഒറ്റപ്പേരാണ് എന്ന് കേരളത്തെ വിശ്വസിപ്പിക്കാനായതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് വിടചൊല്ലുന്നത് ലോകത്തെ ഏറ്റവുംനല്ല സുഹൃത്താണെന്ന്.