Siddique | പ്രിയ ചങ്ങാതിയുടെ അവസാന നിമിഷങ്ങളിലും ഒപ്പം നിന്ന് ലാൽ


ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവർ. കലാഭവനിലെ സ്കിറ്റുകൾക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പർഹിറ്റുകൾ, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ ഏറ്റവും വലിയ സംവിധായകജോഡി. ഇടയ്ക്ക് വഴി പിരിഞ്ഞെങ്കിലും അവസാന നിമിഷങ്ങളിൽ പ്രിയപ്പെട്ടവന്‍റെ ഒപ്പം നിന്ന് നടനും സംവിധായകനുമായ ലാൽ.

ഒരുമിച്ച് സംവിധാനം ചെയ്ത എണ്ണംപറഞ്ഞ സിനിമകൾക്കുശേഷം വേർപിരിഞ്ഞെങ്കിലും സൗഹൃദം കാത്തുസൂക്ഷിച്ചവരാണ് സിദ്ദിഖും ലാലും. ആശുപത്രികിടക്കയിലെ സിദ്ദിഖിന്‍റെ അന്ത്യനിമിഷങ്ങളിലും ലാൽ ഒപ്പമുണ്ടായിരുന്നു.

സിദ്ദിഖ് ഗുരുതാവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ എല്ലാ തിരക്കും മാറ്റിവെച്ച് ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു ലാൽ. ചൊവ്വാഴ്ച വൈകിട്ട് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ഇനി ഒന്നും ചെയ്യാനാകില്ലെന്ന വിവരം ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിച്ചു. ഇത് അറിഞ്ഞ് ലാൽ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തി.

ആശുപത്രിയിൽ എത്തിയ ഉടൻ ലാൽ സിദ്ദിഖിന്റെ കുടുബാംഗങ്ങളുടെ അടുത്തേക്കാണ് പോയത്. ലാലിനെ കണ്ട് അവർ വിതുമ്പുകയും ചെയ്തു. ലാൽ അവരെ ആശ്വസിപ്പിച്ചു. പിന്നീട് ആശുപത്രിയിലുണ്ടായിരുന്ന ചലച്ചിത്രമേഖലയിലെ സഹപ്രവര്‍ത്തകരോട് സംസാരിച്ചു. ഇടക്ക് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോയ ലാൽ വളരെ വേഗം തിരിച്ചെത്തി. എന്നാൽ ജീവിതത്തിൽ ഒരിക്കലും കേൾക്കാനാകാത്ത ആ വിവരം വൈകാതെ ലാൽ അറിഞ്ഞു. ശരിക്കും ഉള്ളുലഞ്ഞുപോയി.

എല്ലാത്തിനുമൊടുവിൽ രാത്രി 9.15ന് സിദ്ദിഖിന്റെ മരണം അറിയിക്കാന്‍ ബി ഉണ്ണികൃഷ്ണനൊപ്പം ലാലും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉണ്ണികൃഷ്ണന്‍ സംസ്‌കാര വിവരങ്ങൾ ഉൾപ്പടെ മാധ്യമങ്ങളോട് പറയുമ്പോൾ നിർവികാരനായി കേട്ടുനിൽക്കുകയായിരുന്നു ലാൽ. ബി ഉണ്ണികൃഷ്ണനും ലാലിനും പുറമേ സംവിധായകരായ ലാല്‍ജോസ്, നടന്മാരായ ദിലീപ്, റഹ്‌മാന്‍, സിദ്ദിഖ്, ടിനിടോം എന്നിവരൊക്കെ ആശുപത്രിയിൽ എത്തിയിരുന്നു.