ചിരിയുടെ രാജാക്കന്മാരായ കഥാപാത്രങ്ങളുടെ സൃഷ്ടാവ്!! സംവിധായകൻ സിദ്ദിഖ് ചിത്രങ്ങളിലൂടെ…


മലയാളിയെ ഏറെക്കാലം ചിരിപ്പിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്റെ വേർപാടിന്റെ വേദനയിലാണ് ആരാധകർ. സഹ സംവിധായകനായും കഥാകൃത്തായും തിളങ്ങിയ സിദ്ദിഖ് ലാലിനൊപ്പം റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നടന്നു കയറിയത്. അന്നോളം മലയാള സിനിമയിൽ ഉണ്ടായിരുന്ന ഹാസ്യ മാതൃകകളെ മറികടന്നുകൊണ്ടാണ് സിദ്ദിഖ് ലാൽ എന്ന ഇരട്ട സംവിധായകർ റാംജിറാവുവിലൂടെ ജനഹൃദയങ്ങളെ ആകർഷിച്ചത്.

റാംജി റാവു സ്പീക്കിങ്ങ് ഒരു തുടക്കം മാത്രമായിരുന്നെങ്കിൽ അതിനേക്കാൾ ഗംഭീര ചിത്രങ്ങളാണ് പിന്നാലെയെത്തിയതും വമ്പൻ വിജയങ്ങൾ നേടിയതും. ഇൻ ഹരിഗർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ മലയാള സിനിമയിൽ ട്രെൻഡ് സെറ്ററുകളായിരുന്നു. നായകൻ മുതൽ പ്രതിനായകൻ വരെ, സഹതാരങ്ങൾ മുതൽ അതിഥി താരങ്ങൾ വരെ പ്രേക്ഷക മനസിൽ കുടിയേറിയ അത്യപൂർവ്വ ചരിത്രം സിദ്ദിഖ് ലാൽ ചിത്രങ്ങൾക്ക് മാത്രം സ്വന്തം.

read also:അത്യന്തം വേദനാജനകം: സിദ്ദിഖിന്റെ നിര്യാണത്തിൽ അനുശോചന കുറിപ്പുമായി സജി ചെറിയാൻ

സംവിധാന രംഗത്ത് നിന്ന് ഇരട്ട സംവിധായകർ എന്ന നിലയിൽ സിദ്ദിഖും ലാലും വേർപിരിഞ്ഞെങ്കിലും പരസ്പരം കുറ്റം പറയാതെ, മറ്റുള്ളവർക്ക് കുറ്റം പറയാൻ അവസരങ്ങൾ നൽകാതെ ഇരുവരും തങ്ങളുടെ മണ്ഡലത്തിൽ പുതിയ പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഹിറ്റ്ലർ , ഫ്രണ്ട്സ് , ക്രോണിക് ബാച്ചിലർ , ബോഡി ഗാർഡ് , ലേഡീസ് ആൻഡ് ജെന്റിൽമെൻ, ഭാസ്കർ ദ റാസ്കൽ , ഫുക്രി , ബിഗ് ബ്രദർ എന്നീ ചിത്രങ്ങൾ സിദ്ദിഖിന്റേതായി എത്തി. ക്രോണിക് ബാച്ചിലറിനു ശേഷമുള്ള ചിത്രങ്ങളിൽ പഴയ പ്രതാപത്തെ നിലനിർത്തുവാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല അവ പലതും അബദ്ധങ്ങളായി മാറുകയും ചെയ്തു എന്നതാണ് വാസ്തവം. അതേ സന്ദർഭത്തിൽ തന്നെ തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെ, തന്റെ തന്നെ റീമേക്ക് ചിത്രങ്ങളിലൂടെ കമ്പോള വിജയങ്ങൾ സ്വന്തമാക്കുവാനും സിദ്ദിഖിന് കഴിഞ്ഞിരുന്നു.

കമ്പിളിപ്പൊതപ്പ് കമ്പിളിപ്പൊതപ്പ്, മാന്നാർ മത്തായി സ്പീക്കിങ്ങ് , തോമസുകുട്ടീ വിട്ടോടാ, സാഹചര്യം ചൂഷണം ചെയ്യരുത്, ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ് ,എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്, തളിയാനേ പനിനീര് എന്നു തുടങ്ങി മലയാളി ആഘോഷമാക്കിയ ട്രോളുകളിലും മറ്റും ഇപ്പോഴും നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡയലോഗുകൾ കൂടുതലും സിദ്ദിഖ് ലാൽ ചിത്രങ്ങളിലേ തന്നെയാണ്.

മത്തായിച്ചേട്ടൻ, ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ, അപ്പുക്കുട്ടൻ, തോമസുകുട്ടി, മഹാദേവൻ, ഗോവിന്ദൻകുട്ടി ജോൺ ഹോനായ്, അഞ്ഞൂറാൻ, ആനപ്പാറ അച്ചാമ്മ, കെ.കെ ജോസഫ് , കന്നാസ്, കടലാസ്, ഹിറ്റ്ലർ മാധവൻ കുട്ടി , ഹൃദയഭാനു, ചക്കച്ചാംപറമ്പിൽ ജോയ് , ലാസർ ഇളേപ്പൻ, ശ്രീകുമാർ , ഉഗ്രൻ അങ്ങിനെയങ്ങനെ അനേകം കഥാപാത്രങ്ങൾ നമ്മുടെ മുമ്പിൽ ഇപ്പോഴും നിൽക്കുന്നു. തങ്ങളുടെ തന്നെ അനുഭവ പരിസരങ്ങളിൽ നിന്നുമാണ് ഭൂരിപക്ഷം കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും കണ്ടെടുത്തിട്ടുള്ളത് എന്ന് സിദ്ദിഖും ലാലും നിരവധി അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നത് ഇവിടെ ഓർമ്മിക്കാവുന്നതാണ്.

ഗോഡ് ഫാദർ എന്ന ചിത്രം പ്ലാൻ ചെയ്തപ്പോൾ അഞ്ഞൂറാനായി സെലക്ട് ചെയ്തത് നാടകാചാര്യനായ എൻ എൻ പിളളയെയായിരുന്നു. കഥ കേട്ടതിനു ശേഷം എൻ എൻ പിള്ള എന്തുകൊണ്ടാണ് തന്നെ ഇതിലേക്ക് തിരഞ്ഞെടുത്തത് എന്ന് അന്വേഷിച്ചപ്പോൾ സിദ്ദിഖ് ലാലിന്റെ മറുപടി രസകരമായിരുന്നു.. ‘അഞ്ഞൂറാൻ ശാരീരികമായി ദുർബലനാണ്. എന്നാൽ ആന്തരികമായി അതീവ ശക്തനും. അത് തിരക്കഥയിൽ സ്ഥാപിച്ചെടുക്കാൻ സ്പെയ്സ് കുറവാണ് . കേരളത്തിൽ പിള്ള സാർ കരുത്തുറ്റ ഒരു വ്യക്തിയുടെ ഇമേജ് സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അത് ചൂഷണം ചെയ്യുകയാണ് ലക്ഷ്യം.’ എന്നായിരുന്നു. ഇത്തരത്തിൽ അനേകം കഥകൾ പറയുന്ന വ്യക്തി കൂടിയായിരുന്നു സിദ്ദിഖ്. ചാനൽ പരിപാടികളിലും ചർച്ചകളിലുമെല്ലാം ഏറെ പ്രസന്നനായി ശാന്തമായി സംസാരിക്കുന്ന സിദ്ദിഖിനെയാണ് മലയാളികൾക്ക് പരിചയം

സിദ്ദിഖ് എന്ന സംവിധായകൻ കടന്നു പോയാലും ഈ ചിത്രങ്ങളിലൂടെ അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. കമ്പോള സിനിമയുടെ വിപണി സമവാക്യങ്ങളെ മാറ്റിമറിച്ച ഒരു പിടി ചിത്രങ്ങൾ തന്നെയാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത്. അക്കാദമിക് ബുദ്ധിജീവി സ്‌റ്റഡിസർക്കിളുകളിൽ ഇവരുടെ ചിത്രങ്ങൾ പഠിക്കപ്പെടുകയുണ്ടായില്ല എന്നത് ചരിത്രത്തിലെ വിരോധാഭാസങ്ങളിൽ ഒന്നായി അവശേഷിക്കുന്നു.

കാലാതിവർത്തിയായ, ഹാസ്യം കൊണ്ട് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരു പിടി ചിത്രങ്ങൾ പങ്കുവച്ച സംവിധായകന് പ്രണാമം.

രശ്മി അനിൽ