ഇന്ത്യയില്‍ ബോക്‌സ് ഓഫീസ് തൂത്തുവാരി നോളന്റെ ഓപ്പണ്‍ഹൈമര്‍; കളക്ഷന്‍ 100 കോടി കടന്നെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സ് ഓഫീസ് തകര്‍ത്ത് മുന്നേറുകയാണ് ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തില്‍ പിറന്ന ഹോളിവുഡ് ചിത്രം ഓപ്പണ്‍ഹൈമര്‍. ഇന്ത്യയില്‍ നൂറുകോടി ക്ലബ്ബില്‍ ഇടം നേടാനും ചിത്രത്തിന് സാധിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ ജീവിതം പശ്ചാത്തലമാക്കിയ ബയോപിക്കാണ് ഈ ചിത്രം. ജൂലൈ 21നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഓഗസ്റ്റ് രണ്ട് വരെ ചിത്രത്തിന് ഇന്ത്യയിൽ ലഭിച്ച കളക്ഷന്‍ 97 കോടിയാണ്. എന്നാല്‍ ഓഗസ്റ്റ് 3 ആയതോടെ 3 കോടി അധിക കളക്ഷന്‍ നേടാനും ചിത്രത്തിന് സാധിച്ചു. ഇതോടെ ആകെ കളക്ഷന്‍ നൂറു കോടി കവിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
നോളന്റെ ഓപ്പണ്‍ഹൈമറും ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബിയും ജൂലൈ 21നായിരുന്നു റിലീസ് ചെയ്തത്. ഇന്ത്യയില്‍ റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ഇരു ചിത്രവും കൂടി നേടിയ ആകെ കളക്ഷന്‍ 100 കോടിയായിരുന്നു. ഓപ്പണ്‍ഹൈമറിന് മാത്രം ലഭിച്ചത് 73.20 കോടി കളക്ഷനായിരുന്നു.
Also read-ബോക്‌സ് ഓഫീസ് ഹിറ്റായി ‘ഓപ്പൺഹൈമർ’; രണ്ട് ദിവസം കൊണ്ട് ക്രിസ്റ്റഫർ നോളൻ ചിത്രം നേടിയത് 31.5 കോടി
അതേസമയം റിലീസ് ചെയ്തത് മുതല്‍ ചിത്രത്തിലെ ഒരു സീനിനെ ചൊല്ലി ഇന്ത്യയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സിലിയന്‍ മുര്‍ഫി അവതരിപ്പിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ എന്ന കഥാപാത്രവും ചിത്രത്തിലെ സൈക്കോളജിസ്റ്റായ ജീന്‍ ടാറ്റ്‌ലോക്കുമായുള്ള ഇന്റിമേറ്റ് രംഗങ്ങളാണ് വിവാദത്തിന് കാരണമായത്. ഈ രംഗത്തില്‍ ജീന്‍ ഓപ്പണ്‍ഹൈമറോട് ഒരു സംസ്‌കൃത പുസ്തകത്തിലെ വാക്യങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പുസ്തകത്തിന്റെ പേരോ പുറംചട്ടയോ സിനിമയില്‍ കാണിക്കുന്നില്ല. ” ഞാന്‍ ഇപ്പോള്‍ മരണമാകുന്നു, ലോകത്തിന്റെ നാശകനാകുന്നു,” എന്നായിരുന്നു ആ വാക്യം.
ചിത്രത്തിലെ രംഗത്തിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
ഈ വിവാദ രംഗത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നിന്ന് ഈ രംഗം ഒഴിവാക്കണമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളോടും മന്ത്രി ആവശ്യപ്പെട്ടിരുന്നു. രംഗം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ സിബിഎഫ്‌സി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിവാദത്തെപ്പറ്റി ശോഭാ ഡി
ചിത്രത്തെപ്പറ്റി തന്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യന്‍ നോവലിസ്റ്റ് ശോഭ ഡിയും രംഗത്തെത്തിയിരുന്നു.” ഓപ്പണ്‍ഹൈമര്‍ ചിത്രത്തെപ്പറ്റി പറയാന്‍ വാക്കുകളില്ല. പിന്നെ സെക്‌സ് സീനും ഭഗവത് ഗീതയും സംബന്ധിച്ച വിവാദത്തെപ്പറ്റിയാണോ മിക്ക ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മുറികളിലും ഗീതയും ബൈബിളും സ്ഥാപിച്ചിട്ടുണ്ട്. അതും ബെഡ്ഡിനോട് ചേര്‍ന്ന്. നിരവധി ദമ്പതികള്‍ ഒത്തുച്ചേരുന്ന സ്ഥലമല്ലേ അത്. അതിനെ ആരും എതിര്‍ക്കുന്നില്ല,” എന്നാണ് ശോഭ ഡി ട്വീറ്റ് ചെയ്തത്.