ചെന്നൈ: അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി നടൻ വിജയ്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു വിജയ് അന്ത്യാഞ്ജലി അർപ്പിച്ചത്. ലിയോ സിനിമയുടെ ഷൂട്ടിൽ ആയിരുന്നിട്ട് കൂടി തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ചാണ് വിജയ് മനോബാലയെ അവസാനം ഒരു നോക്ക് കാണാനെത്തിയത്. നിരവധി വിജയ് ചിത്രങ്ങളില്‍ മനോബാല പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് ആ ലിസ്റ്റില്‍. ബിഗില്‍ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മനോബാലയുമായി വിജയ്ക്ക് വ്യക്തിപരമായി നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. നടനായും സംവിധായകനായും ഏറെ രസിപ്പിച്ച മനോബാലയുടെ വിയോഗം തമിഴകം ഏറെ വേദനയോടെയാണ് ഉള്‍ക്കൊണ്ടത്. കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്.
നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലായി ഇരുനൂറിൽ അധികം ചിത്രങ്ങളിൽ മനോബാല അഭിനയിച്ചു. നിരവധി താരങ്ങൾ മനോബാലയുള്ള അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നുണ്ട്.