കന്നട സിനിമ-സീരിയൽ നടൻ സമ്പത്ത് ജെ റാമിനെ(35) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടിൽ ശനിയാഴ്ചയാണ് സംഭവം. അഭിനയരംഗത്ത് അവസരങ്ങൾ കുറഞ്ഞതിലുള്ള നിരാശയിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം.
‘അഗ്നിസാക്ഷി’ എന്ന സീരിയിലിലൂടെയാണ് സമ്പത്ത് പ്രേക്ഷകർക്ക് പരിചിതനാകുന്നത്. ‘ബാലാജി ഫോട്ടോ സ്റ്റുഡിയോ’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. “ഈ വിയോഗം താങ്ങാനുള്ള ശക്തി ഞങ്ങൾക്കില്ല. നിരവധി സിനിമകളും ഒരുപാട് പോരാട്ടങ്ങളും ബാക്കിയാണ്. നിന്റെ സ്വപ്നങ്ങൾ സത്യമാകാൻ ഇനിയും ഒരുപാട് സമയമുണ്ടായിരുന്നു. നിന്നെ വലിയൊരു വേദിയിൽ കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്, ദയവായി തിരിച്ചുവരൂ,” രാജേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.
സമ്പത്തിന്റെ വിയോഗത്തിൽ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ താരങ്ങൾ. നടന്റെ നാടായ നരസിംഗരാജപുരയിലാണ് സംസ്കാരം. കഴിഞ്ഞ വർഷമാണ് സമ്പത്ത് ജെ റാം വിവാഹിതനായത്.