കാത്തിരിപ്പുകൾക്കൊടുവിൽ ‘മലൈക്കോട്ടൈ വാലിബന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തിയ സന്തോഷത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ‘മലൈക്കോട്ടൈ വാലിബന്റെ’ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു താരരാജാവ് തന്റെ പുതിയ ചിത്രമായ ‘കണ്ണൂർ സ്ക്വാഡിന്റെ’ പുതിയ അപ്‌ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ്. ‘കണ്ണൂർ സ്ക്വാഡിന്റെ’ സെക്കന്റ് ലുക്ക് ഇന്ന് എത്തുമെന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. വിഷുദിനത്തിൽ വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തുവരിക. ഒരു പൊലീസ് ജീപ്പിനൊപ്പം കൈവിലങ്ങുള്ള പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ‘കണ്ണൂർ സ്ക്വാഡ്’ ടീം പുറത്തുവിട്ടിരിക്കുന്നത്.
നവാഗതനായ റോബി വർഗീസ് രാജാണ് ‘കണ്ണൂർ സ്ക്വാഡ്’ സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 7ന് സിനിമ പാക്കപ്പായ വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ‘നൻപകൽ നേരത്ത് മയക്കം’, ‘റോഷാക്ക്’, ‘കാതൽ’ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന്റെ കഥ. മുഹമ്മദ് ഷാഫിയ്ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘കണ്ണൂർ സ്ക്വാഡ്’ നു സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.
എസ് ജോർജ്, സുനിൽ സിംഗ്, പ്രശാന്ത് നാരായണൻ, ജിബിൻ ജോൺ, അരിഷ് അസ്‌ലം, റിജോ നെല്ലിവിള, ഷാജി നടുവിൽ, റോണെക്സ് സേവ്യർ, അരുൺ മനോഹർ, അഭിജിത്, ടോണി ബാബു എംപിഎസ്ഇ, വി ടി ആദർശ്, വിഷ്ണു രവികുമാർ, നവീൻ മുരളി, ഡിജിറ്റൽ വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, ഏയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.